നിയമസഭയിലെ പ്രതിഷേധത്തിന് മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍. എം.വിന്‍സെന്റ്, സനീഷ്കുമാര്‍, റോജി എം.ജോണ്‍ എന്നിവരെയാണ്  സസ്പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച തൊട്ട് പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചെന്ന‍് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 

സഭയ്ക്കകത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വനിതകൾ അടക്കമുള്ള സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തെന്നും മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു. പരുക്കേറ്റ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി പറഞ്ഞു.  പ്രതിപക്ഷത്തിന്‍റെ  അസാന്നിധ്യത്തിലാണ് എംഎല്‍എ മാര്‍ക്കെതിരായ നടപടിയെടുത്തത് .

അതേസമയം, സസ്പെന്‍ഷന്‍ ലഭിച്ചതില്‍ അഭിമാനമെന്ന് റോജി എം.ജോണ്‍ എംഎല്‍എ പറഞ്ഞു. എന്ത് നടപടിയുണ്ടായാലും സമരം തുടരും. യൂണിഫോമിട്ട സഖാക്കളാണ് മാര്‍ഷല്‍മാരെന്നും റോജി പരിഹസിച്ചു. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭയില്‍ ബഹളവും സംഘര്‍ഷവും. ചോദ്യോത്തരവേളയില്‍ തന്നെ നടുത്തളത്തില്‍ ഇറങ്ങിയ  പ്രതിപക്ഷം മന്ത്രി വി.എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും.  ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.  പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ  സ്പീക്കര്‍ക്ക് സുരക്ഷയൊരുക്കി  വാച്ച് ആന്‍ഡ് വാര്‍ഡ് വലയം തീര്‍ത്തു. അധിക്ഷേപ വാക്കുകളും , പരിഹാസവും ചൊരിഞ്ഞ് പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷവും മുന്നിട്ടിറങ്ങി. 

നടുത്തളത്തിലെ പ്രതിഷേധം ചോദ്യോത്തര വേളയില്‍ തന്നെ ആരംഭിച്ചു പ്രതിപക്ഷം.  ഒപ്പം  മുഖ്യമന്ത്രിയുടെ ഇന്നലത്തെ അധിക്ഷേപവാക്കുകളും പ്രതിപക്ഷം  പരാമര്‍ശിച്ചു. ഇതിനിടെ  പ്രതിപക്ഷ നേതാവിന്‍റെ വാക്ക് ഔട്ട് പ്രസംഗത്തില്‍ സ്പീക്കറുടെ ഇടപെടല്‍ വന്നു.  ഇന്നലെ ഉന്തിലും തള്ളിലും വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിഷ്പക്ഷനല്ലെന്ന് പ്രതിപക്ഷം തുറന്നടിച്ചു. 

പ്രതിപക്ഷം  സഭ ബഹിഷ്ക്കരിച്ച ശേഷം മന്ത്രി പി.രാജീവ് പരിഹാസവാക്കുകളുമായി രംഗത്തെത്തി. നിയമസഭക്ക് അകത്തും പുറത്തും ശബരിമല വിഷയം കത്തിച്ചു നിറുത്തുമെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോള്‍ ശബരിമലയിലെ സ്വര്‍ണപ്പാളികളെ കുറിച്ചു കൃത്യവും വ്യക്തവുമായി ഒന്നും പറയാതെ,  അധിക്ഷേപ പരാമര്‍ശങ്ങള്‍, നിസ്സാരവത്ക്കരണം എന്നിവയിലൂടെ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള  ശ്രമമാണ് ഭരണപക്ഷം നിയമസഭയില്‍  നടത്തിയത്. 

ENGLISH SUMMARY:

Three opposition MLAs — M. Vincent, Saneesh Kumar, and Rojy M. John — have been suspended from the Kerala Legislative Assembly following the ongoing protest. Minister M.B. Rajesh stated that since Monday, the opposition has been continuously violating the decorum of the Assembly and creating a tense atmosphere inside the House. He alleged that opposition members assaulted security personnel, including women staff, and engaged in physical violence. They also shouted provocative slogans inappropriate for the dignity of the Assembly and even charged toward the Chief Minister. The minister added that Chief Marshal Shibu, who was injured during the scuffle, requires surgery. The disciplinary action was taken in the absence of opposition members.