sabha-protest

ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷങ്ങൾ നേർക്കുനേർ. നടുത്തളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുഖാമുഖം നിന്നു വെല്ലുവിളിക്കുന്ന അസാധാരണ സാഹചര്യം ഉടലെടുത്തു.  ദേവസ്വം മന്ത്രിയുടെ രാജിയിൽ കുറഞ്ഞ് ഒന്നിനും വഴങ്ങില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നു. വിഷയത്തിൽ ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി, കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലെന്ന് പറഞ്ഞപ്പോഴും സ്വർണ്ണപ്പാളി കാണാതായതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. 

ദേവസ്വം മന്ത്രിയുടെ രാജി , ദേവസ്വം ബോർഡ് അംഗങ്ങളെ ഒന്നടങ്കം പുറത്തക്കുക  എന്നിവയിൽ വിട്ടുവീഴ്ചക്കില്ലെന്ന  നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നതോടെയാണ് മൂന്നാം ദിവസവും നിയമസഭ സംഘർഷ ഭരിതമായത്. ആരും സ്പീക്കറുടെ ഡയസിൽ കയറാത്ത വിധം വാച്ച് ആന്റ് വാർഡ്  പ്രതിരോധം തീർത്തു. ഇത് മറികടക്കാനുള്ള പ്രതിപക്ഷ നീക്കം ഉന്തുംതള്ളിലും എത്തി.  

മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മന്ത്രിമാരും ഭരണനിരയും നടുത്തളത്തിലെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിലായി. ഭരണപ്രതിപക്ഷങ്ങൾ നേർക്കുനേർ വന്നു. 

ഇതിനിടെ കെ.കെ രമയും മന്ത്രി രാജനും തമ്മിൽ വാക് പോരുണ്ടായി. പ്രതിഷേധത്തെ പരിഹസിക്കുന്ന മന്ത്രി വി ശിവൻകുട്ടിയെ സ്പീക്കർ കസേര മറിച്ചിടുന്ന പഴയ ചിത്രം ഉയർത്തി പ്രതിപക്ഷം ഇരുത്തി. വനിതാ വാച്ച് ആൻഡ് വാര്‍ഡിനെതിരെ പോലും പ്രതിപക്ഷ കയ്യേറ്റ ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നടുത്തളത്തിലേക്ക് ചാടിഇറങ്ങിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. 

ചോദ്യോത്തര വേള റദ്ദാക്കിയിട്ടും ബഹളം അവസാനിച്ചില്ല. മുഖ്യമന്ത്രിയുടെ മറുപടിക്ക് കാത്ത് നിൽക്കതെ  പ്രതിപക്ഷം സഭ വിട്ടിറങ്ങി. അന്വേഷണത്തെ കുറിച്ച് വിശദമായി പറഞ്ഞ മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പറഞ്ഞു. എന്നാൽ സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം പറയാത്തത് ശ്രദ്ധിക്കപ്പെട്ടു.