കേരളത്തിന്റെ പേര് മാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 'കേരള' എന്ന ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റും. വര്‍ഷങ്ങളായുള്ള ആവശ്യം തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം അംഗീകരിച്ചത്. സാങ്കേതിക നടപടിക്രമങ്ങള്‍ക്കുശേഷം പാര്‍ലമെന്‍റ് പേരുമാറ്റത്തിനുള്ള ബില്‍ പാസാക്കും.
'കേരള' മാറി 'കേരളം' വരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചതുമുതലുള്ള ആവശ്യത്തിന് ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചത്.
പേരുമാറ്റാനുള്ള ബില്‍ 2026 രാഷ്ട്രപതി വൈകാതെ കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ മറുപടി ലഭിച്ചശേഷം രാഷ്ട്രപതിയുടെ ശുപാര്‍ശയോടെ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. പാര്‍ലമെന്‍റ് പാസാക്കുന്ന ബില്ലിൽ രാഷ്‌ട്രപതി ഒപ്പിടുന്നതോടെ കേരളം എന്ന പേര് ഔദ്യോഗികമായി പ്രാബല്യത്തിലാകും. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലാണ് പേര് ഭേദഗതി ചെയ്യുക. പേര് മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം 2024 ജൂണ്‍് 24-ന് സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.
മലയാളനാമം എന്നതുമാത്രമല്ല സംസ്ഥാനത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പേര് പുനഃസ്ഥാപിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. പ്രമേയത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം ആവശ്യം അംഗീകരിച്ചതെന്നും ശ്രദ്ധേയം. കേരളം കേന്ദ്രത്തിന്‍റെ ഔദ്യോഗിക രേഖകളിലും കേരളത്തിനുപുറത്ത് അറിയിപ്പെടുന്നതും കേരള എന്നായിരുന്നു. ഇതെല്ലാം കേരളം എന്നുമാറാനാണ് വഴിയൊരുങ്ങുന്നത്.