thiruvananthapuram-muttathara-village-assistant-arrested-vigilance-bribe-land-conversion
  • വീടു നിർമിക്കുന്നതിനായി വാങ്ങിയ ഭൂമി തരംമാറ്റി നൽകാൻ അപേക്ഷ വൈകിച്ച ശേഷമാണ് ഇയാൾ പണം ആവശ്യപ്പെട്ടത്

ഭൂമി തരംമാറ്റി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫിസിലെ അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് സ്വദേശി അസറുദ്ദീനാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെ സ്ഥലത്തിന്റെ തരംമാറ്റ അപേക്ഷ വൈകിച്ച ശേഷമാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.

വള്ളക്കടവിൽ വീടു നിർമിക്കുന്നതിനായി വാങ്ങിയ സ്ഥലം നിലം എന്നതിൽ നിന്ന് തരംമാറ്റി കിട്ടുന്നതിനായി പരാതിക്കാരൻ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ അന്വേഷിച്ചപ്പോഴാണ് മുട്ടത്തറ വില്ലേജ് ഓഫിസിൽ അപേക്ഷ പെൻഡിങ് ആണെന്ന് മനസ്സിലായത്. ഇതിനെത്തുടർന്ന് പരാതിക്കാരൻ നേരിട്ടെത്തി വില്ലേജ് അസിസ്റ്റന്റായ അസറുദ്ദീനെ കണ്ടു.

സ്ഥലം നേരിട്ട് പരിശോധിച്ച അസറുദ്ദീൻ, ഭൂമി തരംമാറ്റി കിട്ടാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും നടപടികൾ വേഗത്തിലാക്കാൻ 5,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം ഉടൻ തന്നെ വിജിലൻസിനെ അറിയിച്ചു.

വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരൻ വില്ലേജ് ഓഫിസിൽ എത്തി അസറുദ്ദീന് പണം കൈമാറി. പണം വാങ്ങിയ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഓഫീസിൽ പ്രവേശിച്ച് അസറുദ്ദീനെ കയ്യോടെ പിടികൂടുകയായിരുന്നു. കേസിൽ വിജിലൻസിന്റെ തുടർനടപടികൾ പുരോഗമിക്കുന്നു. 

ENGLISH SUMMARY:

A village assistant at Muttathara in Thiruvananthapuram was caught red-handed by the Vigilance department while accepting a bribe of 5,000 rupees. The accused, Asarudheen, demanded the money from a complainant to expedite a delayed land conversion application for constructing a house. Unwilling to pay the bribe, the citizen promptly alerted the anti-corruption bureau, who orchestrated a successful trap at the office. Vigilance officials are currently conducting further legal proceedings regarding the arrest.