marinedrive-kid

കൊച്ചിയിൽ നവജാത ശിശുവിന്റെ ശരീരം കായലിൽ നിന്നും കണ്ടെത്തി. മറൈൻഡ്രൈവ് മഴവിൽ പാലത്തിന് സമീപത്തെ കായലിൽ നിന്നാണ് പെൺകുഞ്ഞിന്റെ ശരീരം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമുണ്ടെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. വൈകിട്ട് നാലുമണിയോടെയാണ് ഏറെ തിരക്കുള്ള മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിന് സമീപത്തെ കായലിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്

എറണാകുളം സെൻട്രൽ പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമുണ്ടെന്ന് ഇൻക്വിസ്റ്റിന് ശേഷം പൊലീസ് പറഞ്ഞു. പൂർണ്ണവളർച്ചയെത്താതെ ജനിച്ച പെൺകുഞ്ഞാണ്. തലയിൽ മുറിവുണ്ട്. ഈ മുറിവ് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചടക്കം വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. നാളെ കളമശ്ശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹത്തിന് പൊക്കിൾക്കൊടി ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജനിച്ച ഉടന്‍ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. 

രാവിലെ പ്രദേശവാസികൾ ആരും അവിടെ മൃതദേഹം കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ആരംഭിച്ചപ്പോഴാണ് മൃതദേഹം ഒഴുകിയെത്തിയതെന്നാണ് കരുതുന്നത്. വല്ലാർപ്പാടം ഭാഗത്തുനിന്നോ മറുകരയിൽ നിന്നോ ഒഴുകിവന്നതാകാമെന്ന് പ്രദേശവാസികൾ പറയുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ ഫ്ലാറ്റുകളും, പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം

ENGLISH SUMMARY:

A newborn baby's body was discovered near Marine Drive in Kochi, a shocking incident reported in Kerala. Police are investigating the abandonment of the infant found floating in the backwaters.