ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച ഉയര്‍ത്തി നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി സ്പീക്കറുടെ ഡയസിന് മുന്നില്‍വരെ പ്രതിഷേധമെത്തി.
ഇന്നലത്തെ ആവര്‍ത്തനമായിരുന്നു ഇന്നും സഭയില്‍ . പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. ദേവസ്വം മന്ത്രി രാജിവയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ചര്‍ച്ചയല്ല ദേവസ്വംമന്ത്രിയുടെ രാജിയാണ് വേണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. Also Read: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അറിയാം; ബന്ധമില്ല: ചോദിച്ചത് ഉപദേശം മാത്രം: എന്‍.വാസു
അതേസമയം, ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സന്നിധാനത്ത് വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് എസ്.പിയും സംഘവും സന്നിധാനത്തെത്തി മടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. സ്വര്‍ണപ്പാളി വിഷയത്തില്‍ മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ ദേവസ്വം സസ്പെന്‍ഡ് ചെയ്തേക്കും. അന്നത്തെ എക്സി. ഓഫിസര്‍ക്കെതിരെയും നടപടിയുണ്ടാകും.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദുരൂഹത നിറഞ്ഞ വ്യക്തിത്വമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടും. വിവാദം മണ്ഡലകാലത്തിന് മുന്‍പ് അവസാനിപ്പിക്കണമെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.
ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാർ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. അന്വേഷണം നടന്നുവരികയാണ്. സർക്കാരും കോടതിയും വിഷയം വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടെന്നും ജി.സുകുമാരൻ നായർ മനോരമ ന്യൂസിനോട് പറഞ്ഞു.