നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 മല്‍സരക്കേണ്ടതില്ലെന്ന് എന്‍ഡിഎ തീരുമാനിച്ചാല്‍ അംഗീകരിക്കുമെന്ന് ട്വന്‍റി 20 അധ്യക്ഷന്‍ സാബു എം. ജേക്കബ്. ഉപാധികളോടയല്ല എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. തദ്ദശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും അവരുടെ ചിഹ്നം പോലും മാറ്റിവച്ച് വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ട്വന്‍റി 20 ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഉണ്ടായിരുന്ന കാലത്ത് ഗുണമുണ്ടായത് അദ്ദേഹത്തിന് തന്നെയാണ്. പിന്നീട് പന്ത്രണ്ട് ഏജന്‍സികളെക്കൊണ്ട് പരിശോധന നടത്തിയിട്ടും ഒരുരൂപയുടെ ക്രമക്കേട് കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
'നശിപ്പിക്കാന്‍ ശ്രമിച്ചവരോടുള്ള വാശിയാണ് തീരുമാനത്തിന് പിന്നില്‍'. ഇന്ത്യയില്‍ ഏറ്റവും വികസനമുണ്ടാക്കിയ പാര്‍ട്ടി ബിജെപിയാണെന്നും അതുകൊണ്ടാണ് എന്‍ഡിഎയില്‍ ചേരുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു. ട്വന്‍റി 20 വികസനം നടപ്പിലാക്കിയ പാര്‍ട്ടിയാണെന്നും വികസിത കേരളം എന്ന ബിജെപിയുടെ മുദ്രാവാക്യവുമായി ചേരുന്ന നയമാണ് ട്വന്‍റി 20യ്ക്കും ഉള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ട്വന്‍റി 20 എന്‍ഡിഎയുടെ ഭാഗമാകും. നാലുമാസത്തോളമായി രാജീവ് ചന്ദ്രശേഖറുമായി നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് ട്വന്‍റി 20 എന്‍ഡിഎയില്‍ എത്തുന്നതെന്നാണ് വിവരം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും തീരുമാനം അറിയിച്ചിരുന്നില്ല. ബുധനാഴ്ച രാത്രിയോടെയാണ് വിവരം നേതാക്കളും അറിഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്.
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലാണ് ട്വന്‍റി 20ക്ക് തനിച്ച് ഭൂരിപക്ഷമുള്ളത്. തിരുവാണിയൂരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലും പൂതൃക്ക പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ ജയിച്ചും പ്രസഡിന്‍റ് പദവും ലഭിച്ചു. ട്വന്‍റി 20യുടെ എന്‍ഡിഎ പ്രവേശനത്തോടെ പൂതൃക്ക, വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകളിലെ ഭരണവും അനിശ്ചതത്വത്തിലായി. വടവുകോട്–പുത്തന്‍കുരിശ് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചത് ട്വന്‍റി 20യുടെ പിന്തുണയോടെയായിരുന്നു. നറുക്കെടുപ്പിലൂടെ അധികാരം നേടിയ പൂതൃക്കയിലാവട്ടെ ട്വന്‍റി 20ക്കും കോണ്‍ഗ്രസിനും ഏഴുവീതം സീറ്റുകളുണ്ട്. എല്‍ഡിഎഫിന് രണ്ടും. എന്‍ഡിഎയില്‍ ചേര്‍ന്ന ട്വന്‍റി 20യെ പുറത്താക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചാല്‍ ട്വന്‍റി 20ക്ക് ഈ ഭരണം നഷ്ടമാകും.