എറണാകുളം ജനറൽ ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി (22) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നായിരുന്നു ദുര്‍ഗയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയമാണ് ദുര്‍ഗയ്ക്കായി മാറ്റിവച്ചത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും ദുര്‍ഗ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്. എന്നാല്‍ ഇന്ന് ഫിസിയോ തെറാപ്പിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ദുര്‍ഗയുടെ മരണം ആരോഗ്യ മന്ത്രി വീണാ ജോര്‍ജും സ്ഥിരീകരിച്ചിട്ടുണ്ട്. ‘കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ല. നാളെ വരുമ്പോൾ വായിക്കാൻ പുസ്തകങ്ങൾ കൊണ്ട് വരണമെന്നാണ് അവൾ ഡോക്ടര്‍മാരോട് അവസാനം പറഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കു ശേഷം ഐസിയുവിന് പുറത്തു നിന്ന് അവളെ കണ്ടതാണ് ഇപ്പോൾ മനസ്സിൽ’– വീണാ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദുര്‍ഗയുടെ ജീവൻ രക്ഷിക്കുന്നതിനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും എറണാകുളം ജനറൽ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. പെൺകുട്ടിയുടെ സഹോദരന്‍റെയും മറ്റു പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ആരോഗ്യ മന്ത്രി കുറിച്ചു. രാജ്യത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ദുര്‍ഗയുടേത്.
അപൂർവ്വ ജനിതകരോഗം ബാധിച്ച് ഒരു വർഷമായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുര്‍ഗ. മലയാളിയായ ഡോക്ടർ മുഖേനയാണ് ദുർഗ കേരളത്തിലേക്ക് എത്തിയത്. എന്നാല്‍ അവയവമാറ്റത്തിന് രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകണമെന്ന കേന്ദ്ര നിയമം ദുർഗയ്ക്ക് വെല്ലുവിളിയാകുകയായിരുന്നു. തുടര്‍ന്ന് രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ദുർഗ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ ഇതേ ജനിതക രോഗം ബാധിച്ച് ദുർഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു.