എൻഎസ്എസ് നേതൃത്വവുമായുള്ള അനുരഞ്ജന നീക്കങ്ങളില്‍ കോൺഗ്രസ് നേതൃത്വം രണ്ടുതട്ടിൽ. തിരുവഞ്ചൂർ രാധാകൃഷ്ണനും കൊടിക്കുന്നിൽ സുരേഷും പി.ജെ.കുര്യനും ജി.സുകുമാരൻ നായരെ കണ്ടത് സൗഹൃദ സന്ദർശനമെന്ന് പറഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മയപ്പെടുത്താൻ നോക്കിയപ്പോൾ ചർച്ച നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസും അനുനയ നീക്കങ്ങളുടെ ഭാഗമായി. ഫ്രാന്‍സിസ് ജോര്‍ജ് സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി.
Also Read: 'സര്‍ക്കാറിനോട് ശരിദൂരമുണ്ട്; അത് അയ്യപ്പ സംഗമത്തില്‍ മാത്രം'
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ സർക്കാരിനെ പിന്തുണച്ച എൻ.എസ്.എസ് നേതൃത്വത്തോട് അനുരഞ്ജനം വേണ്ടെന്ന നിലപാടാണ് തുടക്കം മുതൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എന്നാൽ, എൻ.എസ്.എസിനെ അനുനയിപ്പിക്കണമെന്ന പൊതുവികാരമാണ് പാർട്ടിക്കുള്ളിൽ. കൂടിക്കാഴ്ചകളും അതിന്റെ ഭാഗമായി ഉണ്ടായതാണ്. എന്നാൽ, നേതൃത്വം നിലപാടിൽ ഉറച്ചുതന്നെയാണ്. എൻ.എസ്.എസുമായി അടുപ്പമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ജെ.കുര്യനും കൊടിക്കുന്നിൽ സുരേഷും സുകുമാരൻ നായരുമായി നടത്തിയ കൂടിക്കാഴ്ചകളെ സണ്ണി ജോസഫ് സൗഹൃദത്തിന്റെ ബ്രാക്കറ്റിൽ ഒതുക്കി നിർത്തി.
സൗഹൃദത്തിനപ്പുറം വ്യക്തത വരുത്തി ചർച്ച നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കൂടി പറഞ്ഞുവച്ചു സതീശൻ. ഔദ്യോഗിക ചർച്ചയ്ക്കില്ലെങ്കിലും സൗഹൃദ കൂടിക്കാഴ്ചകളിൽ നിന്ന് ആരെയും പിന്തിരിപ്പിക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തിൽ സുകുമാരൻ നായർക്കെതിരെ എൻ.എസ്.എസിനുള്ളിൽ ഉയരുന്ന പ്രതിഷേധങ്ങളെ കൂടി വീക്ഷിക്കുകയാണ് കോൺഗ്രസ് നേതൃത്വം എന്ന് വ്യക്തം.