g-sukumaran-nair-02

സര്‍ക്കാറിനോടുള്ള ശരിദൂര നിലപാടില്‍ വ്യക്ത വരുത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാറിനോട് ശരിദൂരമുണ്ടെന്നും അത് അയ്യപ്പ സംഗമത്തില്‍ മാത്രമാണെന്നും സുകുമാരന്‍ നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മറ്റുകാര്യങ്ങളില്‍ സമദൂരം തന്നെയാണ് നിലപാടെന്നും പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും  ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. 

അയ്യപ്പസംഗമത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്എസിനോട് വിരോധമുള്ള ആളുകളാണ് പ്രതിഷേധിക്കുന്നത്. ജോലിയും മറ്റും കിട്ടാത്തവരാണ്. ഇതിന് പിന്നില്‍ കൂട്ടായ്മയൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുകയാണ്. 

മൈലാടുംപാറയിലും സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. സുകുമാരന്‍ നായര്‍ക്കൊപ്പം മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെയും ബാനറില്‍ വിമര്‍ശനമുണ്ട്. സുകുമാരന്‍ നായര്‍ നായര്‍ സമുദായത്തേയും അയ്യപ്പഭക്തരേയും അപമാനിച്ചുവെന്നും രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് ബാനറിലെ ആവശ്യം. ഗണേഷ്കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരേണ്ടെന്നും ബാനറിലുണ്ട്. 5337 ാം NSS കരയോഗത്തിന്റെ പേരിലാണ് ബാനര്‍. 

ബാനര്‍ സ്ഥാപിക്കുന്നവരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഒരു കുടുംബത്തിലെ നാല് നായർമാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്നും എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നുമായിരുന്നു ഗണേഷ് കുമാറിന്‍റെ വിമര്‍ശനം. കാശ് മുടക്കിയാൽ ഏത് 'അലവലാതിക്കും' ഫ്ലെക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ലെന്നും സർക്കാരും എൻ.എസ്.എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. 

അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചതിനെതിരെ സംഘടനയില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ നേരിട്ടോളാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമദൂരത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എന്‍.എസ്.എസ് പ്രതിനിധികളെ ബോധ്യപ്പെടുത്തിയെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചിരുന്നു. 

ENGLISH SUMMARY:

NSS General Secretary G. Sukumaran Nair clarifies the organization's stance on the government. He stated that the 'correct distance' applies only to the Ayyappa Sangamam and that the NSS maintains equal distance in other matters.