aiims

TOPICS COVERED

എയിംസ് തര്‍ക്കത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ തള്ളാനും കൊള്ളാനും കഴിയാതെ ബിജെപി സംസ്ഥാന നേതൃത്വം. എയിംസ് തൃശൂരിന് അർഹതപ്പെട്ടതെന്ന് സുരേഷ് ഗോപി ആവര്‍ത്തിക്കുമ്പോള്‍ തീരുമാനം കേന്ദ്രസര്‍ക്കാരിന്‍റെതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്‍റെ നിലപാട്.

കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് ആലപ്പുഴക്ക് പകരം തൃശൂരെന്ന നിലപാടിലേക്ക് കേന്ദ്രമന്ത്രി സുരേഷ്ഗോപി എത്തിയത്. എവിടെയെങ്കിലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ലെന്നും.  സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ എയിംസ് തൃശൂരില്‍ വരണമെന്നും സുരേഷ്ഗോപി. 

സുരേഷ്ഗോപിയുടെ നിലപാടില്‍ വെട്ടിലായത് ബിജെപി സംസ്ഥാന നേതൃത്വമാണ്. എയിംസ് എവിടെ വേണമെന്ന് തീരുമാനിക്കുന്നത് ബിജെപിയോ സംസ്ഥാന സര്‍ക്കാരോ അല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക സ്ഥലത്ത് എയിംസ് വേണം എന്നതല്ല ബിജെപി നിലപാടെന്നും എം ടി രമേശ്. കിനാലൂര്‍ ചില ആളുകളുടെ താല്‍പര്യ പ്രകാരം നടക്കുന്ന ചര്‍ച്ച മാത്രമാണെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു. തര്‍ക്കങ്ങള്‍ക്കും പിടിവാശികള്‍ക്കും ഇടയില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എയിംസ് വീണ്ടും നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. 

ENGLISH SUMMARY:

AIIMS Kerala controversy involves Suresh Gopi's preference for Thrissur. The BJP state leadership is in a dilemma as the decision rests with the central government, leading to concerns about Kerala losing AIIMS amidst disagreements.