രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ നാഥനില്ലാ കളരിയായി മാറിയ സ്ഥാനത്തേക്ക് പിടിവലി നടക്കുകയാണ്. ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പിടിവലികള്‍ മുറുകിയപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ഇഷ്ടക്കാര്‍ക്കായി പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. വ്യാജ വാര്‍ത്തകളും ഇക്കൂട്ടത്തില്‍ ഇടം പിടിക്കുന്നുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി വ്യക്തമാക്കുന്നത്. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വ്യാജവാര്‍ത്തയെക്കുറിച്ച് അബിന്‍ വെളിപ്പെടുത്തിയത്. 

'തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മാനദണ്ഡപ്രകാരം അബിൻ വർക്കി പ്രസിഡൻ്റ് ആകണം, അതിനായി ഒക്ടോബർ 2 രാവിലെ 10.30ക്ക് KPCC ആസ്ഥാനത്തേയ്ക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച് നടത്തുന്നു' എന്ന് വാട്സ് ആപ്പിലൂടെ വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നാണ് അബിന്‍ പറയുന്നത്. ഇത് യൂത്ത് കോൺഗ്രസിനെ അപമാനിക്കാൻ വേണ്ടി ആരോ ഇറക്കുന്നതാണെന്നും ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുമെന്നും അനാവശ്യമായ പ്രചരണങ്ങൾ ആര് നടത്തിയാലും അതിനെ തള്ളിക്കളയണമെന്നുമാണ് അബിന്‍ തന്‍റെ പോസ്റ്റിലൂടെ പറയുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

" പ്രിയമുള്ളവരെ ...

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മാനദണ്ഡപ്രകാരം അബിൻ വർക്കി പ്രസിഡൻ്റ് ആകണം.......

#natural_justice

NB: അധ്യക്ഷൻ്റെ അസാന്നിധ്യത്തിൽ പ്രഥമ ഉപാധ്യക്ഷൻ പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കണം എന്നാണ് യൂത്ത് കോൺഗ്രസ് ഭരണഘടന പ്രകാരം ചട്ടമുള്ളത്..!

ജനാധിപത്യം പുലരട്ടെ..!

ഭരണ ഘടന സംരക്ഷിക്കപ്പെടട്ടെ..!

Abin Varkey Kodiyattu

KPCC ആസ്ഥാനത്തേയ്ക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച്….ഒക്ടോബർ 2 രാവിലെ 10.30 AM....

പങ്കെടുക്കുക....

ജയ് യൂത്ത് കോൺഗ്രസ് "

ഞാനിന്ന് വ്യാപകമായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു മെസ്സേജ് ആയി കണ്ടതാണ് ഇത്. എന്നെ അധ്യക്ഷൻ ആക്കിയില്ലെങ്കിൽ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും എന്നാണ് ഈ മെസ്സേജിൽ പറഞ്ഞിരിക്കുന്നത്. ഇത് യൂത്ത് കോൺഗ്രസിനെ അപമാനിക്കാൻ വേണ്ടി ആരോ ഇറക്കുന്നതാണ്. ഇതുപോലുള്ള വ്യാജ പ്രചരണങ്ങൾ കൊണ്ട് യൂത്ത് കോൺഗ്രസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും ആണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കിൽ അതിന് ഏതു വിധേനയും മറുപടി നൽകും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട പ്രോസസ് പുരോഗമിക്കുകയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കും. അതുകൊണ്ട് അനാവശ്യമായ പ്രചരണങ്ങൾ ആര് നടത്തിയാലും അതിനെ തള്ളിക്കളയണം.

ENGLISH SUMMARY:

Youth Congress leadership race is intensifying after Rahul Mamkootathil stepped down. Fake news is being circulated to undermine the Youth Congress leadership and create a negative image.