ധനരാജ് രക്തസാക്ഷി ഫണ്ട് കളക്ഷൻ നടത്തി പുട്ട് അടിച്ചവരെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് താഴെ ഭീഷണി കമന്‍റ്. കോണ്‍ഗ്രസ് പിരിച്ച കണക്ക് പൊതുമധ്യത്തില്‍ വെക്കണമെന്നും, അഭിന്‍ വര്‍ക്കിക്ക് ഇന്നോവ പോരാതെ വരുമെന്നുമാണ് ഭീഷണി കമന്‍റ്.
ഈ കമന്‍റിട്ടയാളുടെ വിവരങ്ങളും കമന്‍റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് മറുപടിയുമായി അബിന്‍ വര്‍ക്കിയും രംഗത്തെത്തി.
'കഴിഞ്ഞ ദിവസം എന്റെ ഒരു പോസ്റ്റിന് അടിയിൽ വന്ന കമന്റാണ്. സിപിഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയക്കുക എന്നതാണ് അവരുടെ ഭീഷണി. പയ്യന്നൂരിൽ പ്രകടനം നടത്തിയാൽ ഉടനെ അവരെ കൈകാര്യം ചെയ്യുക. ആരോപണം ഉന്നയിച്ചാൽ ഉടനെ വീടിന് മുൻപിൽ പടക്കം പൊട്ടിക്കുക. ഇതൊക്കെയാണ് സിപിഎം രീതികൾ. പിന്നെ ഈ കമന്റ് ഇട്ട ചേട്ടനോട് ആണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ വിട്ട ഇന്നോവയാണ് ഉദേശിച്ചത് എങ്കിൽ " അതിന് ഉണ്ണി മോൻ ഇച്ചിരി കൂടെ ഒന്ന് മൂക്കാൻ ഉണ്ട്. ആദ്യം മഞ്ഞപ്പ് ഒക്കെ മാറട്ടെ ഡാ കൊച്ചനെ " '– അബിന്‍ പരിഹാസ രൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, സിപിഎം പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് തട്ടിപ്പില്‍ സഭയില്‍ സ്പീക്കര്‍ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനാണ് അവതരണാനുമതി നിഷേധിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറുപടി ഇല്ലാത്തതിനാല്‍ മുഖ്യമന്ത്രി സ്പീക്കറെ ഉപയോഗിച്ച് ചര്‍ച്ച തടഞ്ഞെന്ന് പ്രതിപക്ഷം ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്ത സി.പി.എം പാര്‍ട്ടിക്കകത്തെ കൊള്ള പുറംലോകത്തെ അറിയിച്ചയാള്‍ക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.