തദ്ദേശതിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍. രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിമുട്ട് അറിയിച്ചുവെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കമ്മിഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഐആര്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറുടെ തീരുമാനം സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അറിയണം. യുഡിഎഫ് ആണ് യോജിച്ച പ്രക്ഷോഭത്തിന് തടസം നിൽക്കുന്നതെന്നും ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയ ചട്ടുകമായി ബിജെപി ഉപയോഗിച്ചുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
അതേസമയം, എസ്ഐആറില്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എസ്ഐആര്‍ നീട്ടിവയ്ക്കണമെന്നാണ് ബിജെപി ഒഴികെയുള്ളവരുടെ നിലപാട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും അത് അംഗീകരിക്കുന്നത് കൊണ്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.