ഭൂപതിവ് നിയമഭേദഗതിയും വന്യജീവിസംരക്ഷണ ഭേദഗതിയും കേരള കോൺഗ്രസ് എമ്മിലൂടെ പ്രചാരണ വിഷയമാക്കാന്‍ ഇടതുമുന്നണി. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, സർക്കാർ തീരുമാനം മലയോര മേഖലയിൽ കേരള കോൺഗ്രസ് എമ്മിനും നേട്ടമായി.
1964ലെ ഭൂപതിവ് ചട്ടത്തിൽ കൊണ്ടുവന്ന രണ്ട് ഭേദഗതികള്‍ , വന്യജീവി സംരക്ഷണ നിയമത്തിന്റെ കേരള ഭേദഗതി- ഇവ രണ്ടും കാലങ്ങളായി കേരള കോൺഗ്രസ് എം മുന്നോട്ടുവച്ചതാണ്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ മലയോര മേഖലയിൽ കേരള കോൺഗ്രസ് എമ്മിനും ഇടതുമുന്നണിക്കും പ്രധാന പ്രചാരണ വിഷയം ആവുകയാണിത്. ഭൂപതിവ് നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളിലെ സാധാരണക്കര്‍ക്ക് വലിയ ആശ്വാസമാണ് പുതിയ ഭേദഗതി. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കൊല്ലാനടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്നതാണ് വന്യജീവി സംരക്ഷണ നിയമത്തിന്റെ കേരള ഭേദഗതി.
കേരള കോൺഗ്രസ് എം ഇടതുമുന്നണിയോടൊപ്പം ചേർന്നുനിൽക്കുമെന്ന ജോസ് കെ മാണിയുടെ നിലപാടിന് ശക്തി പകരുന്നതാണ് രണ്ട് ജനകീയ വിഷയങ്ങളിലെ സർക്കാർ തീരുമാനം. ഇനി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് എമ്മിന്‍റെ തീരുമാനം.