തദ്ദേശ തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി കേരള കോൺഗ്രസ് എം. കഴിഞ്ഞതവണ അഞ്ഞൂറിലധികം സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ വിജയിച്ചതിൻ്റെ ക്രെഡിറ്റിലാണ് എൽഡിഎഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുക.
സീറ്റ് വിഭജന ചർച്ചകളിൽ സമ്മർദശക്തിയാകണമെന്നാണ് ജില്ലാ നേതാക്കൾക്ക് പാർട്ടി ചെയർമാൻ ജോസ് കെ മാണി നൽകിയ നിർദേശം.കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതിനുശേഷം നടക്കുന്ന രണ്ടാമത്തെ തദ്ദേശ തിരഞ്ഞെടുപ്പാണെങ്കിലും പൂർണതോതിൽ പാർട്ടി പണിയെടുക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യം പെട്ടെന്ന് കിട്ടിയ സീറ്റുകളിൽ മത്സരിച്ച് ആധിപത്യം ഉറപ്പിച്ചെങ്കിലും ഇക്കുറി പരമാവധി സീറ്റുകൾ നേടിയെടുക്കാൻ എൽഡിഎഫിൽ സമ്മർദശക്തിയാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തൊള്ളായിരം സീറ്റുകളിലാണ് കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ മത്സരിച്ചത്. ഏകദേശം 530 സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കഴിഞ്ഞു. ചിലർ സ്വതന്ത്രചിഹ്നത്തിലും മത്സരിച്ച് ജയിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉൾപ്പെടെ ജില്ലാ പഞ്ചായത്ത് ഭരണം ലഭിച്ചു. കോട്ടയം ജില്ലയിൽ യുഡിഎഫിന്റെ കോട്ടയായിരുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ 11ൽ 10 എണ്ണവും നേടിയെടുക്കാൻ കഴിഞ്ഞു. കോട്ടയത്ത് അൻപതിലധികം പഞ്ചായത്തുകളിൽ എൽഡിഎഫിന് അധികാരം ഉറപ്പിക്കാൻ ബലം നൽകിയത് കേരള കോൺഗ്രസ് എമ്മാണ്. വാർഡ് പുനർനിർണയം
വഴി അധികമായി ലഭിച്ച വാർഡുകൾക്ക് അനുപാതികമായി പ്രാതിനിധ്യം വേണമെന്നാണ് കേരളാ കോൺഗ്രസ് എം നിലപാട്. മധ്യതിരുവിതാംകൂറിൽ കൂടുതൽ സീറ്റുകൾ വേണം. സംസ്ഥാനത്ത് ആയിരത്തിലധികം സീറ്റുകളാണ് ലക്ഷ്യമിടുന്നത്.
ജില്ലാതലങ്ങളിൽ സീറ്റ് വിഭജന ചർച്ച നടക്കുമ്പോൾ പരമാവധി സീറ്റുകൾ ചോദിച്ചു വാങ്ങണമെന്നാണ് നിർദേശം. ഓരോ ജില്ലകളിലും നേതാക്കളെ ചുമതലപ്പെടുത്തി.
കേരള കോൺഗ്രസ് എം യുഡിഎഫിൽ എത്തുമെന്ന് ഇനി പ്രതീക്ഷ വേണ്ടെന്നാണ് ജോസ് കെ മാണി ആവർത്തിക്കുന്നത്. കേരള കോൺഗ്രസ് യോജിപ്പിന് താല്പര്യമുള്ളവരെ കേരള കോൺഗ്രസ് എമ്മിലേക്ക് സ്വാഗതം ചെയ്യുകയാണ് പാർട്ടി ചെയർമാൻ.
വരുംദിവസങ്ങളിൽ സംവരണ വാർഡുകളുടെ ചിത്രം വ്യക്തമാകുന്നതോടെ നേതാക്കളും അണികളും കളത്തിലിറങ്ങും.