വടക്കാഞ്ചേരിയിൽ സംഘർഷക്കേസിൽ അറസ്റ്റിലായ കെ.എസ്.യു. നേതാക്കളെ കറുത്ത മുഖംമൂടി ധരിപ്പിച്ച് പൊലീസ് കോടതിയിൽ ഹാജരാക്കി. ഇത് പൊലീസിന്റെ പ്രതികാര നടപടിയാണെന്ന് ആരോപിച്ച് കോടതി അതൃപ്തി രേഖപ്പെടുത്തി. വടക്കാഞ്ചേരി എസ്.എച്ച്.ഒ. ഷാജഹാന് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ചേലക്കരയിലെ കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷത്തെ തുടർന്ന് തൃശൂർ കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇൻസ്പെക്ടർ ഷാജഹാനെതിരെ കെ.എസ്.യു. മാർച്ച് നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്നോണം ഭീകരവാദികളെ കൊണ്ടുപോകുന്നതുപോലെ മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് ഇവരെ കോടതിയിലെത്തിച്ചത്. കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോഴും മുഖംമൂടി ഊരിമാറ്റാൻ പൊലീസ് തയ്യാറായില്ല. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംഭവത്തിൽ പൊലീസിനെതിരെ കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ രൂക്ഷവിമർശനം നടത്തി. "മാന്യതയുടെ എല്ലാ സീമകളും ലംഘിക്കുകയാണ് പൊലീസ്" എന്ന് അദ്ദേഹം പറഞ്ഞു. കുന്നംകുളം യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ച കേസിൽ ഉൾപ്പെട്ട ഷാജഹാനാണ് ഈ അതിക്രമത്തിന് പിന്നിലെന്നും, നിയമപരമായും രാഷ്ട്രീയമായും ഇതിന് മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യ '' ആഭ്യന്തര മന്ത്രി " കസേരയിൽ എല്ലാ കാലത്തും മൗനീ ബാബയായ പിണറായി വിജയൻ ഉണ്ടാകും എന്ന് വടക്കാഞ്ചേരി എസ്. എച്ച്.ഒ ഷാജഹാൻ കരുതരുത്. കൈകളിൽ വിലങ്ങ് അണിയിച്ച്, തല മൂടി കെട്ടി കെ.എസ്.യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ എസ്.എച്ച്.ഒക്ക് നിയമപരമായും, രാഷ്ട്രീയ പരമായും മറുപടി ഉണ്ടാകുമെന്നും,വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പൊലീസിന്റെ ഈ നടപടി സംബന്ധിച്ച് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനും ജില്ലാ പൊലീസ് മേധാവിക്കും പ്രത്യേക റിപ്പോർട്ട് നൽകുമെന്ന് കോടതി വ്യക്തമാക്കി.