election-commission-sir-kerala-update

കേരളത്തിലെ വോട്ടർ പട്ടികയിൽ സമഗ്ര പരിഷ്കരണം നടപ്പാക്കാൻ ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമ ഷെഡ്യൂളിനായി കാത്തിരിക്കുകയാണെന്നും, മൂന്നു മാസത്തിനകം നടപടികൾ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20-ന് രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

വോട്ടർമാർ രേഖകൾ നൽകണം

  • എസ്.ഐ.ആറിനായി വോട്ടർമാർ രേഖകൾ നൽകേണ്ടി വരും. 2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി, 2025-ലെ പട്ടികയുമായി താരതമ്യം ചെയ്താണ് ഈ പ്രക്രിയ നടത്തുന്നത്.
  • 2002-ലെ പട്ടികയിൽ ഉണ്ടായിരുന്നതും എന്നാൽ 2025-ലെ പട്ടികയിൽ ഉൾപ്പെടാത്തവരുമായ ആളുകളാണ് രേഖകൾ ഹാജരാക്കേണ്ടത്. 2002-ലെ പട്ടികയിലെ 80% പേരും 2025-ലെ പട്ടികയിലുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ.
  • ആധാർ ഉൾപ്പെടെ 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ഇതിനായി പരിഗണിക്കും.
  • ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ഇതിനായി എന്യൂമറേഷൻ ഫോമിൽ എല്ലാവരും ഒപ്പിടണം. ഓൺലൈനായും രേഖകൾ സമർപ്പിക്കാവുന്നതാണ്.
  • പേര് ചേർക്കാനും മാറ്റാനും തിരുത്തലുകൾ വരുത്താനും ഓൺലൈൻ സംവിധാനം ഉപയോഗിക്കാം.

ഈ നടപടികളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, ഇത് ലളിതമായി നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ വിമർശനം

എസ്.ഐ.ആർ. നടപടിക്കെതിരെ സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ രംഗത്തെത്തി. ഇത് ബി.ജെ.പി.യുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായ തീവ്രപരിഷ്കരണമാണെന്ന് അദ്ദേഹം ആരോപിച്ചു.

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമായി നടപ്പാക്കണമെന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു. 2024-ൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ 1.61 ലക്ഷം കള്ളവോട്ടുകൾ കണ്ടെത്തിയതായി അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Kerala Voter List Revision is set to be implemented by the Election Commission. The commission aims to refine the voter list through comprehensive revisions and address concerns about discrepancies.