രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ യുവനടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ ആരോപണങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു. രാഹുല്‍ അയച്ച സന്ദേശങ്ങളും വിവരങ്ങളും കൈമാറി. ജനപ്രതിനിധിയായ യുവനേതാവില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയൂവെന്നായിരുന്നു മറുപടിയെന്നുമെന്നുമാണ് റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. മൂന്നരവര്‍ഷം മുന്‍പാണ് സോഷ്യല്‍ മീഡിയയിലൂടെ യുവനേതാവിനെ പരിചയപ്പെട്ടതെന്നും തുടക്കം മുതലേ ഇദ്ദേഹം അശ്ലീലം കലര്‍ന്ന സന്ദേശങ്ങളാണ് അയച്ചിരുന്നതെന്നും റിനി വെളിപ്പെടുത്തിയിരുന്നു.
ആരോപണവിധേയനെ താന്‍ പലതവണ ഉപദേശിച്ചിട്ടുണ്ടെന്നും ദേഷ്യപ്പെട്ട് നോക്കിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ വലിയ സ്ത്രീപീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയനേതാക്കന്‍മാര്‍ക്കൊക്കെ എന്തു സംഭവിച്ചു എന്നായിരുന്നു യുവനേതാവിന്റെ മറുചോദ്യം. ഒരു ദിവസം ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് ആവശ്യപ്പെട്ടു, അന്ന് ക്ഷുഭിതയായി സംസാരിച്ചു, അതിനു ശേഷം കുറച്ചുകാലത്തേക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും റിനി.യുവനേതാവിന്റെ സ്വഭാവത്തെക്കുറിച്ച് ചില നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ ‘അതവന്റെ കഴിവ്’ എന്നായിരുന്നു മറുപടിയെന്നും റിനി പറയുന്നു. ഈ മറുപടി പറഞ്ഞ നേതാക്കന്‍മാരുടെ പേരും തല്‍ക്കാലം പറയുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.