പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേമത്ത് വന്ന് മത്സരിക്കാൻ സതീശന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെ പോരാടാൻ ആഗ്രഹമുണ്ടെങ്കിൽ നേമത്ത് വന്ന് അത് തെളിയിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
സതീശൻ തന്നെ 'സംഘിക്കുട്ടി' എന്ന് വിളിച്ചതിനോട് കടുത്ത ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. "ചരിത്രം പരിശോധിച്ചാൽ ആരാണ് യഥാർത്ഥ സംഘിയെന്ന് എല്ലാവർക്കും മനസ്സിലാകും. ആർഎസ്എസ് നേതാക്കളുടെ അനുഗ്രഹം തേടി പോയത് ആരെന്ന് കേരളത്തിന് അറിയാം" എന്ന് അദ്ദേഹം പരിഹസിച്ചു. സതീശന്റെ ആർഎസ്എസ് ബന്ധത്തെ മുൻനിർത്തിയായിരുന്നു ശിവൻകുട്ടിയുടെ മറുപടി.
സോണിയ ഗാന്ധിയുടെ വീട്ടിൽ പോറ്റിപോയ കാര്യം ചോദിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ആരാഞ്ഞു. ഇതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കുന്നത് സതീശന്റെ നിലവാരമില്ലായ്മയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.