കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കണമെന്ന ദമ്പതികളുടെ ആവശ്യത്തിൽ വിമർശനവുമായി ഹൈക്കോടതി. പെൺകുഞ്ഞിന് കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ പറ്റില്ലേയെന്ന് കോടതി ചോദിച്ചു. വനിതാദിനം ആഘോഷിക്കുന്ന വേളയിൽ തന്നെ ഇത്തരമൊരു ആവശ്യം പരിഗണിക്കേണ്ടി വന്നത് ദൗർഭാഗ്യകരമെന്നും ജസ്റ്റിസ് എം.ബി.സ്നേഹലത അഭിപ്രായപ്പെട്ടു
ദത്തെടുക്കൽ ചട്ടങ്ങളിലെ നിയന്ത്രണങ്ങൾക്കെതിരെയാണ് തൃശൂർ സ്വദേശികളായ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്ക് നിലവിൽ രണ്ട് കുട്ടികളുണ്ട്. ഇതിൽ രണ്ടാമത്തെ ആൺകുട്ടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും (ADHD), സംസാരശേഷിക്കുറവുമുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന (Special Needs) കുട്ടിയാണ്. തങ്ങളുടെ കാലശേഷം ഈ മകനെ സംരക്ഷിക്കാനും, കുടുംബപാരമ്പര്യം നിലനിർത്താനും ആരോഗ്യവാനായ ആൺകുട്ടിയെ ദത്തെടുക്കണമെന്നത് ഇവരുടെ ആഗ്രഹമായിരുന്നു.
ഇതിനായി കഴിഞ്ഞ വർഷം ജനുവരിയിൽ അവർ ദത്തെടുക്കൽ ഏജൻസിയായ 'കാര' (CARA) പോർട്ടലിൽ അപേക്ഷ നൽകി. എന്നാൽ നിലവിലുള്ള നിയമപ്രകാരം, രണ്ട് കുട്ടികളുള്ള ദമ്പതികൾക്ക് ഇനി ദത്തെടുക്കണമെങ്കിൽ 'പ്രത്യേക പരിഗണന അർഹിക്കുന്ന' (Special Needs) കുട്ടികളെയോ, അല്ലെങ്കിൽ ദത്തെടുക്കാൻ ആരും വരാത്ത 'ഹാർഡ് ടു പ്ലേസ്' (Hard-to-place) വിഭാഗത്തിൽപ്പെട്ട കുട്ടികളെയോ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കൂ. രണ്ട് കുട്ടികളുള്ള ദമ്പതികൾക്ക് ആരോഗ്യവാനായ ആൺകുട്ടിയെ ദത്തെടുക്കാൻ അനുവാദം നൽകാത്ത 'അഡോപ്ഷൻ റെഗുലേഷൻസ് 2022'-ലെ സെക്ഷൻ 5(7) വകുപ്പ് ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്
എന്നാൽ കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞിനെ വേണമെന്ന ഹർജിയിലെ ആവശ്യമാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞ് തന്നെ വേണമെന്നുണ്ടോ എന്നായിരുന്നു വാദത്തിനിടെ കോടതിയുടെ ചോദ്യം. എന്തായാലും, ആൺകുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കണമെന്ന ദമ്പതികളുടെ ആവശ്യത്തിൽ കേന്ദ്രസർക്കാർ അടക്കമുള്ള എതിർകക്ഷികളോട് കോടതി നിലപാട് തേടി.