rahulpalakkad

TOPICS COVERED

രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ മണ്ഡലത്തിലെത്തിക്കാന്‍ നീക്കം സജീവം. രാഷ്‌ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നെന്നും രാഹുലിനു പിന്തുണ വര്‍ധിച്ചെന്നുമാണ് പാലക്കാട്ടെ വിലയിരുത്തല്‍. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെ പി സി സി ആവശ്യപ്പെട്ടാല്‍ രാഹുലിനു പ്രവര്‍ത്തകര്‍ സംരക്ഷണമൊരുക്കുമെന്നും പാലക്കാട് ഡിസിസി പ്രസിഡണ്ട് എ.തങ്കപ്പന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

20 ദിവസത്തിലധികമായി രാഹുല്‍ പാലക്കാട്ടെത്തിയിട്ട്. യുവനടിയുടെ പരാതി ഉയര്‍ന്നതിനു പിന്നാലെ മണ്ഡല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അടൂരിലെ വീട്ടിലിരുന്നാണ്. എന്നാല്‍ കാര്യമിങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് ഡി.സി.സി കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. ബിജെപിക്കു മേധാവിത്വമുള്ള മണ്ഡലത്തില്‍ ഇനിയും മാറി നില്‍ക്കുന്നത് ഗുരുതരമായി ബാധിക്കുമെന്നാണ് നേതൃത്വത്തിന്‍റെ ആശങ്ക. രാഹുലിന്‍റേത് അടഞ്ഞ അധ്യായമെന്ന് കഴിഞ്ഞ ദിവസം വിഡി സതീശന്‍ പറഞ്ഞെങ്കിലും വേഗത്തില്‍ മണ്ഡലത്തിലെത്തിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. രാഹുലിനു സംരക്ഷണമൊരുക്കുമോ എന്ന ചോദ്യത്തിനു ഡി.സി.സി പ്രസിഡണ്ടിന്‍റെ മറുപടി ഇങ്ങനെ.

ആരോപണം വന്ന സമയത്തെ രാഷ്‌ട്രീയ സാഹചര്യം മാറിയെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളിലടക്കം രാഹുലിന് പിന്തുണയേറിയിട്ടുണ്ടെന്നും മണ്ഡലത്തിലെത്തുന്ന മുറയ്‌ക്ക് പ്രതിഷേധമുണ്ടായാലും പ്രതിരോധിക്കാവുന്നതാണെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ തീരുമാനം പൂര്‍ണമായും കെപിസിസിയുടേതാണ്. രാഹുലിനെ തടയുന്നതടക്കം ബിജെപി – സിപിഎം പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യതയും പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന തുടര്‍ പ്രതിഷേധങ്ങള്‍ക്ക് നിലവില്‍ അയവു വന്നിട്ടുണ്ട്.

സ്വകാര്യ പരിപാടികളില്‍ തുടങ്ങി പൊതു പരിപാടികളിലേക്ക് കൂടി എത്തി സജീവമാകാനായിരിക്കും നേതൃത്വത്തിന്‍റെ മാസ്റ്റര്‍പ്ലാന്‍. 

ENGLISH SUMMARY:

Rahul Mamkootathil is at the center of discussions regarding his return to Palakkad constituency. Political circumstances have shifted, showing increased support for Rahul, and efforts are underway to facilitate his swift return.