ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി കത്ത് കിട്ടിയിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. വാക്കാലോ രേഖാമൂലമോ കോണ്‍ഗ്രസ് അറിയിച്ചിട്ടില്ല. അറിയിച്ചാല്‍ അതിനനുസരിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും സ്പീക്കര്‍ പറഞ്ഞു

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ എടുത്തത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. ഇരകള്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പിന്നെങ്ങനെയാണ് സര്‍ക്കാര്‍ കേസെടുത്തതെന്നും കൊടിക്കുന്നില്‍ ചോദിച്ചു. നിയമപരമായി നേരിടേണ്ട വിഷയമെന്നുംരാഹുല്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഗർഭഛിദ്ര ശബ്ദരേഖയിലെ പെൺകുട്ടി എവിടെ?; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും സി. കൃഷ്ണകുമാറിനെതിരെയും പാലക്കാട്ട് ഇന്നും പ്രതിഷേധം തുടരും. കാളയെ വെച്ച് പ്രതിഷേധിക്കാനാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും തീരുമാനം. വിവാദങ്ങൾ കത്തിനിൽക്കേ ഷാഫി പറമ്പിൽ ഇന്ന് ജില്ലയിലെത്തും. രാഹുലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നതിനു ശേഷം ആദ്യമായാണ് ഷാഫി പാലക്കാട് വരുന്നത്. സ്വകാര്യ ചടങ്ങിനായി ഉച്ചയോടെ എത്തും. സംഘർഷ സാധ്യത കണക്കിലെടുത്തു ഓഫീസുകൾക്ക് സമീപവും ജില്ലയിലാകെയും കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

രാഹുല്‍ വിഷയം രാഷ്ട്രീയത്തിലെ കറുത്ത അധ്യായമെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. രാഹുലിന് ഒരു തെറ്റ് പറ്റി. അതില്‍ മാതൃകപരമായി നടപടി കോണ്‍ഗ്രസ് എടുത്തു. ഇപ്പോള്‍ നടക്കുന്നത് സമരാഭാസമെന്നും വിവാഹേതര ബന്ധങ്ങള്‍ക്ക് എല്‍ഡിഎഫിന് യൂണിവേഴ്സിറ്റി തുടങ്ങാമെന്നും ഷിബു പരിഹസിച്ചു. അതിനുള്ള ആളുകള്‍ മന്ത്രിസഭയിലുണ്ടെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Rahul Mamkootathil is at the center of a controversy after sexual allegations. Speaker A.N. Shamseer states he hasn't received official communication regarding Rahul's removal, while Kodikunnil Suresh alleges a false case by the government.