അസൂയാവഹമായ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയും. രാഹുൽ മാങ്കൂട്ടത്തലിന്റെ പൊളിറ്റിക്കൽ കരിയറിനെ ഇപ്പോള്‍ വിശേഷിപ്പിക്കാന്‍ ഈ ഒറ്റ വാചകം ധാരാളം. ഏതൊരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനും കൊതിക്കുന്ന തരത്തിലുള്ള കുതിപ്പ്. ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യമായി പൊതുസ്വീകാര്യത കൈവരിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, പാലക്കാട് എംഎൽഎ – വെറും രണ്ടുവർഷം കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ നേടിയ സുപ്രധാന പദവികൾ. ആ കുതിപ്പില്‍ രാഹുല്‍ പലകുറി ആവര്‍ത്തിച്ചുപറഞ്ഞത് സ്ത്രീസുരക്ഷയെക്കുറിച്ച്. അതേ നേതാവിനെതിരെ ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ക്ക് പിന്നാലെ എംഎല്‍എ സ്ഥാനമൊഴികെയുള്ള സ്ഥാനങ്ങളെല്ലാം നഷ്ടമായിരിക്കുന്നു. Also Read: വി.കെ.ശ്രീകണ്ഠനെതിരായ സതീശന്റെ പരാമര്‍ശം അതിരുകടന്നത്; അമര്‍ഷം...
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീകളോട് സംസാരിച്ചതിന്‍റെ ശബ്ദരേഖകളും വാട്സാപ്പിലും മറ്റ് മെസേജിങ് സംവിധാനങ്ങളിലൂടെയും നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെ അദ്ദേഹത്തെ പിന്തുണച്ചവരും പ്രതിരോധിച്ചവരും പാര്‍ട്ടി നേതൃത്വവുമെല്ലാം പ്രതിസന്ധിയിലായി. ഒരാള്‍ ധൈര്യസമേതം അനുഭവം പുറത്തുപറഞ്ഞതോടെ സമാനമായ ദുരനുഭവങ്ങള്‍ നേരിട്ട ഒട്ടേറെപ്പേര്‍ നേരിട്ടും മറ്റുള്ളവര്‍ വഴിയും അക്കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. അതിന്‍റെ ഉള്ളടക്കം നേതാവിന്‍റെ വ്യക്തിത്വത്തിലെ ഗുരുതരമായ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തുന്നതുമായിരുന്നു.
ദുരനുഭവങ്ങള്‍ പുറത്തുപറഞ്ഞവരും പറയാത്തവരുമായ സ്ത്രീകളോട് പലപ്പോഴായി നടത്തിയ സംഭാഷണങ്ങളില്‍ തീര്‍ത്തും അസഭ്യമായ പദപ്രയോഗങ്ങളും ‘നിന്നെ കൊല്ലാന്‍ ഒരുനിമിഷം മതി’ എന്ന് ആവര്‍ത്തിച്ചുള്ള ഭീഷണിയുമെല്ലാമുണ്ട്. പലതും ട്രോള്‍ മഴയായും സമൂഹമാധ്യമങ്ങളില്‍ പെയ്തിറങ്ങുകയാണ്.
തീപ്പൊരി ചിതറുന്ന പ്രസംഗങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും അണികളെയും ആരാധകരെയും ഒരുപോലെ കയ്യിലെടുത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയകരിയറിന്‍റെ ഗതിവേഗം കൂട്ടിയത്. പിണറായി വിജയനെ വിജയാ എന്നുവിളിച്ചും കണ്ണൂരില്‍ പോയി സിപിഎമ്മിനെയും നേതാക്കളെയും നടുറോഡില്‍ നിന്ന് വെല്ലുവിളിച്ചും ചാനല്‍ സംവാദങ്ങളില്‍ കാച്ചിക്കുറുക്കിയ മറുവാദങ്ങള്‍ നിരത്തിയും രാഹുല്‍ അണികളെ ഹരംകൊള്ളിച്ചു. സെക്രട്ടേറിയറ്റ് വളയലിന്‍റെ പേരില്‍ പൊലീസ് വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തതോട് ശരിക്കും താരമായി. പാര്‍ട്ടിയിലും പുറത്തും താരമായതോടെ രണ്ടിടത്തും ശത്രുക്കളും വര്‍ധിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും കണ്ടെത്തുന്നതിലും കൈമാറുന്നതിലും പുറത്തുള്ളവര്‍ക്കൊപ്പം അകത്തുള്ളവര്‍ക്കും ആവേശമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
‘വീട്ടില്‍ ആളുണ്ടോ?’ എന്ന് ചോദിച്ചശേഷം ‘കോണ്ടമില്ല, വീട്ടിലേക്ക് വരട്ടേ’ എന്ന് ചോദിക്കുന്നതും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതും വഴങ്ങാത്തപ്പോള്‍ കൊല്ലാന്‍ ഒരുനിമിഷം പോലും വേണ്ട എന്ന് ഭീഷണി മുഴക്കുന്നതുമെല്ലാം എംഎല്‍എയാണ് എന്നത് പാര്‍ട്ടി നേതൃത്വത്തെ തെല്ലൊന്നുമല്ല വലച്ചത്. പാര്‍ട്ടി ബന്ധമുള്ളവര്‍ മാത്രമല്ല ഇരകള്‍ എന്നത് പ്രതിരോധിക്കാന്‍ ശ്രമിച്ചവരെപ്പോലും വെട്ടിലാക്കി. നിയമസഭാംഗത്വം ഒഴിയണം എന്ന ആവശ്യത്തെ തള്ളാനും കൊള്ളനുമാകാത്തെ പാര്‍ട്ടി പ്രതിസന്ധിയിലായതും അതുകൊണ്ടു തന്നെ . എന്തായാലും പാര്‍ട്ടി അംഗത്വത്തില്‍ നിന്നുതന്നെ മാറ്റി നിര്‍ത്തി പ്രതിസന്ധിയില്‍ നിന്ന് തല്‍കാലം തലയൂരുകയാണ് നേതൃത്വം.