ഗുരുതര ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പാര്‍ട്ടി നടപടി സസ്പെന്‍ഷനില്‍ ഒതുക്കി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നൊഴിവാക്കി. രാഹുല്‍ പാലക്കാട് എംഎല്‍എ ആയി തുടരും. രാഹുൽ രാജിവച്ചാൽ പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങുമെന്നത് മുന്നില്‍ കണ്ടാണ് തീരുമാനം.
നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുക്കും. പാലക്കാട്ട് ഇനി മല്‍സരിപ്പിക്കില്ലെന്നും അറിയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുലിന്‍റെ എംഎൽഎ സ്ഥാനം സംബന്ധിച്ച് സംസ്ഥാന നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.
ലൈംഗികാധിക്ഷേപ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് കൂടുതൽ വിശദീകരണം നൽകിയേക്കും. ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണങ്ങൾ ഇന്നലെ പ്രതിരോധിച്ചിരുന്നു. ലൈംഗിക ആക്ഷേപം ഉന്നയിക്കുന്നതിനും 20 ദിവസം മുൻപ് താനുമായി നടത്തിയ മുന്നറിയിപ്പ് ഫോൺ സംഭാഷണം ആണ് രാഹുൽ പുറത്തുവിട്ടത്. അവന്തികയുടെ ഇടപെടലിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആരോപണം. ആദ്യം പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും കൂടുതൽ ഇരകൾ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് പരസ്യമായി പരാതി പറഞ്ഞതെന്നാണ് അവന്തികയുടെ വിശദീകരണം