ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ തുടര്‍ച്ചയായതോടെ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി. നിയമസഭ സമ്മേളനത്തിന് മുന്‍പ് രാജിവേണമെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ്. സ്ത്രീവിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കുന്ന പാര്‍ട്ടിയാണെന്ന് തെളിയിക്കുമെന്ന് വി.ഡി.സതീശന്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തിനപ്പുറമുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ വീണ്ടും രാഹുലിനെ സംരക്ഷിക്കാനിറങ്ങി.
ധാര്‍മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി രാജിവെക്കുന്നൂവെന്ന് പ്രഖ്യാപിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിനുള്ളില്‍ കയറിയ രാഹുല്‍ പിന്നീട് പൊതുമധ്യത്തിലേക്കിറിങ്ങിയിട്ടില്ല. എല്ലാം കെട്ടടങ്ങുമെന്ന് രാഹുലും കൂട്ടരും പ്രതീക്ഷിക്കുമ്പോള്‍ പരാതികള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയടക്കം പുറത്തുവരികയും ജനങ്ങള്‍ക്കിടയില്‍ സംസാരമാകുകയും ചെയ്തതോടെ രാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. എന്നാല്‍ എം.എല്‍.എ സ്ഥാനം കൂടി രാജിവെച്ചാല്‍ കടുത്ത നിലപാടെടുത്തെന്ന നേട്ടവും പാര്‍ട്ടിക്കുണ്ടാകുമെന്നും കരുതുന്നു. അതുകൊണ്ട് രാജിവയ്പ്പിക്കുമെന്ന സൂചന പ്രതിപക്ഷനേതാവ് പരസ്യമായി പ്രഖ്യാപിച്ചു. Also Read: രാജി ആലോചനയില്‍ പോലുമില്ല; നിലപാട് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് രാഹുലിന്‍റെ മൊഴിയുമെടുത്ത് നടപടി പൂര്‍ത്തിയാക്കി നിയമസഭ സമ്മേളനം തുടങ്ങുന്ന സെപ്തംബര്‍ 15നകം രാജിയെന്നതാണ് സതീശന്‍റെ ആലോചന. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിച്ചതായും സൂചനയുണ്ട്. രമേശ് ചെന്നിത്തലയ്ക്കും ഇതേ നിലപാടാണ്. സതീശന്‍റെ നിലപാട് പുറത്ത് വന്ന് അരമണിക്കൂര്‍ കഴിഞ്ഞതോടെ രാജിവെക്കില്ലെന്നും അങ്ങിനെ ഒരു ആലോചനപോലുമില്ലെന്നും രാഹുല്‍ മനോരമ ന്യൂസിനോട് ഫോണില്‍ വ്യക്തമാക്കി. ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന രാഹുലിന്‍റെ രാഷ്ട്രീയഗുരു ഷാഫിയും പിന്നാലെ രാഹുലിനെ പ്രതിരോധിക്കാനെത്തി.
ബിഹാറിലേക്ക് മുങ്ങിയതല്ലെന്നും രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പങ്കെടുക്കാന്‍ പോയതാണന്നും വിശദീകരിച്ച ഷാഫി രാഹുലിനെതിരായ പ്രതിഷേധം രാഷ്ട്രീയമെന്ന് വാദിക്കാനും ശ്രമിച്ചു. മറ്റ് ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ മടങ്ങുകയും ചെയ്തതോടെ രാജിയെന്ന പ്രതിപക്ഷനേതാവിന്‍റെ ആവശ്യത്തെ പ്രതിരോധിക്കാനാണ് ഷാഫി–രാഹുല്‍ കൂട്ടുകെട്ടിന്‍റെ നീക്കമെന്ന് വ്യക്തമായി.