മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ രാജേഷ് കൃഷ്ണ 'അവതാര'മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കത്തുവിവാദത്തില്‍ സിപിഎം നേതാക്കള്‍ മറുപടി പറയുന്നില്ല. രാജേഷിനും നേതാക്കള്‍ക്കും സുഹൃദ്ബന്ധമാകാം സംശയകരമായ ഇടപാടുകളാണ് പ്രശ്നമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടുമില്ല. നേതാക്കളില്‍ തോമസ് ഐസക് മാത്രമാണ് എതിര്‍ത്തിരിക്കുന്നതെന്നും അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണമില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ആളാണ് രാജേഷ് കൃഷ്ണ. ഒരുപാട് ദുരൂഹതകളുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരന്‍ ആണോയെന്ന സംശയവും അദ്ദേഹം ഉയര്‍ത്തി. അതേസമയം, യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ കണ്ണൂരിൽ നിന്നുള്ള വ്യവസായി ബി.ഷർഷാദ് ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധം ആണെന്ന നിലപാടിൽ ആണ് സിപിഎം. വിവാദങ്ങളില്‍ പ്രതികരിക്കേണ്ടെന്ന നിലപാടാണ് സിപിഐയും സ്വീകരിച്ചിരിക്കുന്നത്.
കത്തുചോര്‍ച്ച വിവാദത്തില്‍ ചര്‍ച്ച ചെയ്യുന്നത് അര്‍ഥമില്ലാത്ത കാര്യങ്ങളെന്ന് മന്ത്രി സജി ചെറിയാനും കത്ത് ചോര്‍ന്നോയെന്ന് വ്യക്തമാക്കേണ്ടത് പിബിയാണെന്നും എളമരം കരീമും പ്രതികരിച്ചു. കത്ത് വിവാദത്തില്‍ എന്ത് പ്രതികരിക്കാനെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ മറുപടി.