ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ ശക്തം. എം.വി ശ്രേയാംസ് കുമാറുമായി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി. തദ്ദേശ തിരഞ്ഞെ‌ടുപ്പിന് മുന്‍പ് യുഡിഎഫില്‍ വരണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. എന്നാല്‍ നടന്നത് സൗഹൃദ ചര്‍ച്ച മാത്രമാണെന്നും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും ആര്‍.ജെ.ഡി. പ്രതികരിച്ചു.

മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം തുടങ്ങിയിട്ട് നാളേറെയായി. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം. എൽഡിഎഫിലെ അവഗണനയിൽ ആർജെഡിക്ക് കടുത്ത അമർഷമുണ്ട്. യുഡിഎഫിലായിരിക്കെ മത്സരിക്കാൻ 7 നിയമസഭാ സീറ്റ് ലഭിച്ചിരുന്നു. ഒപ്പം ഒരു ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും കിട്ടി. കൂടുതൽ പ്രതീക്ഷകളോടെ എൽ‍ഡിഎഫിലെത്തിയ പാർട്ടിയെ തീർത്തും അവഗണിക്കുന്ന സമീപനമാണു സിപിഎമ്മിൽനിന്നുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റാണു മത്സരിക്കാൻ ലഭിച്ചത്. എം.പി.വീരേന്ദ്രകുമാറിനു യുഡിഎഫ് അനുവദിച്ച രാജ്യസഭാ സീറ്റ് തുടർന്ന് എം.വി.ശ്രേയാംസ്കുമാറിന് എൽഡിഎഫിൽ കിട്ടിയെങ്കിലും ആ കാലാവധി പൂർത്തിയാക്കിയശേഷം ലഭിച്ചില്ല. 

ലോക്സഭാ സീറ്റ് അനുവദിക്കാത്തതിനെക്കാളും പാർട്ടിയെ ചൊടിപ്പിച്ചത് മന്ത്രിസഭയിൽനിന്നുള്ള മാറ്റിനിർത്തലാണ്. 4 ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തുനൽകിയിട്ടും ആർജെഡിയെ പരിഗണിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ 2 സീറ്റ് വീതം സിപിഎമ്മിനും സിപിഐക്കും നൽകിയ ആർജെഡിയോട് കേരളത്തിൽ അതേ നീതി തിരിച്ചുകാട്ടിയില്ലെന്ന അമർഷമാണു പാർട്ടിയിൽ പുകയുന്നത്. 

ENGLISH SUMMARY:

Kerala Politics refers to the ongoing efforts to bring the RJD back into the UDF coalition amidst dissatisfaction with the LDF. Discussions are underway, focusing on potential benefits for RJD and strategic advantages for UDF before local elections.