തൃശൂരിലെ വോട്ട് ചേര്‍ക്കലില്‍ ആക്ഷേപങ്ങള്‍ ശക്തമാകുമ്പോഴും മൗനം തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാലും അന്വേഷിക്കണമെങ്കില്‍ നിയമോപദേശം തേടേണ്ടിവരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. അതിനിടെ തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. തട്ടിപ്പിന് കലക്ടറും കൂട്ടുനിന്നെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. 11 എണ്ണം കള്ളവോട്ടാണെങ്കിലും സുരേഷ് ഗോപിക്ക് അതില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ടല്ലോയെന്ന വിചിത്ര മറുപടിയായിരുന്നു വി. മുരളീധരന്‍റേത്.
പൂങ്കുന്നത്തെ ഫ്ലാറ്റില്‍ ഉടമ അറിയാതെ 9 വോട്ടുകള്‍. മലപ്പുറത്തുള്ള ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന് തൃശൂരില്‍ വോട്ട്. ഇങ്ങനെ അനധികൃത വോട്ടുചേര്‍ക്കലിന്‍റെ തെളിവുകള്‍ ഓരോ ദിവസം പുറത്തുവരുമ്പോഴും ഒന്നും കണ്ടുംകേട്ടുമില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ആരും പരാതി നല്‍കിയില്ലെന്നതാണ് ന്യായം. പരാതി നല്‍കിയാല്‍ അന്വേഷണമെന്ന ഉറപ്പും നല്‍കുന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ പ്രക്രിയ പൂര്‍ത്തിയായതാണെന്നും അതിനാല്‍ ഇനി അന്വേഷിക്കാനാകുമോയെന്ന് നിയമോപദേശം തേടണമെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്. അതിനിടെ സുരേഷ് ഗോപി രാജിവെച്ച് തൃശൂരില്‍ വീണ്ടും തിരഞ്ഞെടുപ്പെന്ന ആവശ്യം സി.പി.എം ഉയര്‍ത്തി.
തിരഞ്ഞെടുപ്പ് കാലത്ത് തന്നെ നല്‍കിയ പരാതികള്‍ അട്ടിമറിച്ച് അന്നത്തെ തൃശൂര്‍ കലക്ടറാണ് വോട്ട് കൊള്ളയ്ക്ക് കൂട്ടുനിന്നതെന്നും അത് ബി.ജെ.പിയുമായുള്ള ഡീലിന്‍റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആരോപിച്ചു. അതേസമയം സുരേഷ് ഗോപിക്കെതിരായ ആരോപണത്തെ ബി.ജെ.പി നേതാക്കള്‍ ഇതുവരെ കാര്യമായി പ്രതിരോധിച്ചിരുന്നില്ല. എന്നാല്‍ 11 എണ്ണം കള്ളവോട്ടാണെങ്കിലും സുരേഷ് ഗോപിക്ക് അതില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ടല്ലോയെന്ന വിചിത്ര മറുപടിയുമായി വി.മുരളീധരന്‍ ഇന്ന് രംഗത്തെത്തി. കേരളത്തിലില്ലാത്ത സുരേഷ് ഗോപി വാര്‍ത്താകുറിപ്പിലൂടെ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല