രാജ്യാന്തര നാടകോത്സവത്തിൽ വൈവിധ്യമാർന്ന നാടകങ്ങൾക്കൊപ്പം കലർപ്പില്ലാത്ത രുചിയും. നാടകം കണ്ടിറങ്ങിയ പ്രേക്ഷകർക്കായി കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഫുഡ് ഫെസ്റ്റിൽ ആണ് ഒരു സുന്ദരിയുള്ളത്. കണ്ടാൽ കൊതിയൂറുന്ന വന സുന്ദരി.
അരങ്ങിൽ നാടകങ്ങൾ തിളച്ചുമറിയുമ്പോൾ കലവറയിൽ ഒരു നാടൻ സുന്ദരി എരിപൊരി കൊള്ളിക്കുന്ന കാഴ്ച. നാടകം കണ്ടിറങ്ങി , കുടുംബശ്രീ ഫുഡ് ഫെസ്റ്റിൽ എത്തിയാൽ കണ്ടാൽ കൊതിയൂറുന്ന വന സുന്ദരിയെ കാണാം. വൈവിധ്യമാർന്ന നാടകങ്ങൾക്കൊപ്പം കലർപ്പില്ലാത്ത രുചിയും മണവും. വനസുന്ദരി എന്ന് കേൾക്കുമ്പോൾ എന്താണെന്നോർത്ത് തല പുകയ്ക്കേണ്ട ഇതൊരു അട്ടപ്പാടി വിഭവമാണ്. ചൂടായ കല്ലിൽ കോഴിയെ നുറുക്കി അതിൽ പച്ച മസാലകൾ ചേർക്കുന്നു, ഒരു സ്പെഷ്യൽ മസാലയാണിത്. കാട്ടിൽ നിന്ന് ലഭിക്കുന്ന പച്ചിലകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചൂട് പറത്തുന്ന ദോശക്കൊപ്പം ഒരു പിടിപിടിച്ചാൽ അഡിക്റ്റ് ആയിപ്പോകുന്ന ഒന്നൊന്നര ഐറ്റം.
\വന സുന്ദരി ഒന്നു കഴിച്ചാൽ പിന്നെ ഫാൻ ആയി മാറും, ഇത് എന്റെ മാത്രം അനുഭവമല്ല, കഴിച്ചവരുടെ കൂടി അഭിപ്രായമാണ്. കിലോ കണക്കിന് കോഴികളാണ് ഒരോ ദിവസവും വന സുന്ദരികളായി വേഷമിടുന്നത്. നടകോൽസവത്തിൽ അരങ്ങേറുന്ന നാടകങ്ങൾക്കൊപ്പം രുചിയിലെ തനിനാടൻ നായികയായി മാറുകയാണ് വനസുന്ദരി