രാജ്യാന്തര നാടകോത്സവത്തിൽ ചരിത്ര സംഭവങ്ങളുടെ കഥ പറഞ്ഞ് കൂ ഹു :ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ് എന്ന നാടകം. തീവണ്ടി മുഖ്യകഥാപാത്രമായി വരുന്ന ഡോക്യൂഫിഷണല്‍ നാടകാവിഷ്‌കാരം നാടകപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ചരിത്രത്തിലേക്ക് തിരിച്ചോടുന്ന ഒരു നാടക തീവണ്ടി. വെറുതെ ഒരു ഓട്ടമല്ല, കാലങ്ങളും കാഴ്ചകളും താണ്ടി കൂകിയും കുതിച്ചും പായുന്നൊരു തീവണ്ടി. ഇവിടെ നാടകവും നാടകപ്രേമികളും ഒരേ ദൂരവും നാഴികക്കല്ലുകളും താണ്ടുകയാണ്.
വിവിധ റെയിൽവേ സ്റ്റേഷനുകളിലാണ് കഥാപാത്രങ്ങൾ അവതരിക്കുന്നത്. യുദ്ധം , വിഭജനം, അഭയാർഥി പ്രവാഹം, ദക്ഷിണാഫ്രിക്കയിൽ വച്ച് ട്രെയിനിൽ ഗാന്ധിജി അനുഭവിച്ച അവഗണന , സ്വാതന്ത്ര്യ സമരം, ഗോദ്ര ട്രെയിൻ ദുരന്തം. തുടങ്ങിയ ചരിത്രസംഭവങ്ങളിലൂടെ ട്രെയിൻ പാളം കേറുമ്പോൾ പ്രേക്ഷകർ യാത്രക്കാരാകും.
അരുണ്‍ലാല്‍ സംവിധാനം ചെയ്ത നാടകം പാലക്കാട് ലിറ്റില്‍ എര്‍ത്ത് സ്‌കൂളാണ് അവതരിപ്പിച്ചത്. അവർ ഇന്ത്യൻ ചരിത്രത്തിൽ എഴുതപ്പെട്ട കഥ ഒരു ട്രെയിനിലൂടെ അവതരിപ്പിച്ചു കാണിച്ചു. ഒരു ഓർമ്മപ്പെടുത്തൽ കൂടിയായി ഈ നാടകം മാറുന്നു.