thrissur-clash

തൃശൂരില്‍ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. എം.പി. ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിനെതിരെയാണ് പ്രതിഷേധം. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. നടുവില്‍ പൊലീസ് നിലയുറപ്പിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡ് ആക്രമിച്ചിരുന്നു. ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. 

സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ട്. തൃശ്ശൂരിലും കൊല്ലത്തും ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടുണ്ടായിരുന്നതായി തെളിഞ്ഞു. ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ മലപ്പുറം സ്വദേശിയായ വി.ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ടു ചെയ്തതായും തെളിഞ്ഞു. തൃശ്ശൂരില്‍ താമസക്കാരനാണെന്ന വ്യാജസത്യവാങ്മൂലം നല്‍കി വോട്ടു ചെയ്ത സുരേഷ് ഗോപിക്ക് എതിരെ കോണ്‍ഗ്രസിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങി

Also Read: സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തും വോട്ട്

സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് തൃശ്ശൂര്‍ മണ്ണുത്തി നെട്ടിശ്ശേരിയില്‍ വോട്ടുണ്ട്. കൊല്ലത്തും വോട്ടുണ്ട്. ഇരട്ടവോട്ട് വന്നതായി വോട്ടര്‍പട്ടികയില്‍ വ്യക്തം. സുഭാഷ് ഗോപി തൃശ്ശൂരില്‍ വോട്ടു ചെയ്തതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയാകട്ടെ നിലവില്‍ തിരുവനന്തപുരം ശാസ്തമംഗലത്താണ് പുതിയ പട്ടികയില്‍ വോട്ട്. നിലവില്‍ തൃശ്ശൂരില്‍ വോട്ടില്ല. സുരേഷ് ഗോപി തൃശ്ശൂരില്‍ വോട്ടു ചെയ്തത് വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും ജനപ്രാതിനിധ്യ നിയമലംഘനവും ചൂണ്ടിക്കാട്ടി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച കമ്മിഷണര്‍ തുടരന്വേഷണത്തിനായി തൃശ്ശൂര്‍ എ.സി.പിയെ നിയോഗിച്ചു.

മലപ്പുറത്തെ ബി.ജെ.പി. നേതാവാണ് വി.ഉണ്ണികൃഷ്ണന്‍. ബി.ജെ.പിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശ്ശൂരിലും. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരാണ് ഇതു പുറത്തു കൊണ്ടുവന്നത്. പൂങ്കുന്നം ബി.ജെ.പി. കൗണ്‍സിലറുടെ വീടിന്‍റെ വിലാസത്തിലായിരുന്നു വോട്ട്. തിരഞ്ഞെടുപ്പ് കാലത്ത് രണ്ടു വര്‍ഷം തൃശ്ശൂരില്‍ വാടകയ്ക്കു താമസിച്ചതായി വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പൂങ്കുന്നം ശങ്കരംകുളങ്ങരയിലെ ഫ്ളാറ്റില്‍ 79 വോട്ടുകള്‍ വ്യാജമായി ബി.ജെ.പി. ചേര്‍ത്തെന്ന് കോണ്‍ഗ്രസിന്‍റെ മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് ചൂണ്ടിക്കാട്ടി. ഈ വോട്ടുകള്‍ പോള്‍ ചെയ്തിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിയമങ്ങള്‍ പാലിച്ച് വോട്ടുചേര്‍ത്തെന്നാണ് ബി.ജെ.പിയുടെ നിലപാട്. നിയമപരമായി കുറ്റം തെളിയിക്കട്ടേയെന്നാണ് ബി.ജെ.പി ലൈന്‍.

ENGLISH SUMMARY:

Thrissur BJP Protest: A clash erupted in Thrissur as BJP workers marched towards a CPM office in protest against an earlier march on Suresh Gopi's office. The situation escalated with stone-throwing and police intervention following an incident where Suresh Gopi's office board was vandalized.