തലശ്ശേരി അതിരൂപതയും സിപിഎമ്മും തുറന്ന പോരിലേക്ക്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം.വി ഗോവിന്ദൻ നിലപാടെടുത്തതോടെ തലശ്ശേരി അതിരൂപതയും വാക്കുകൾ കടുപ്പിച്ച് രംഗത്തുവന്നു. മാർ പാംപ്ലാനി തികഞ്ഞ അവസരവാദിയാണെന്ന പരാമർശത്തോട്, 'അവസരവാദം ആപ്തവാക്യമാക്കി സ്വീകരിച്ചയാളാണ് ഗോവിന്ദൻ' എന്നായിരുന്നു അതിരൂപതയുടെ പ്രതികരണം.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീമാരെ ജാമ്യത്തിൽ വിട്ടതിനുശേഷം കേന്ദ്രസർക്കാരിനെ പുകഴ്ത്തി മാർ ജോസഫ് പാംപ്ലാനി രംഗത്തുവന്നതിനെ രൂക്ഷമായി വിമർശിച്ച് ആദ്യം രംഗത്ത് വന്നത് ഡിവൈഎഫ്ഐ ആണ്. ജയിലിൽ അടയ്ക്കുന്നതുവരെ ഹിറ്റ്ലറെ വാഴ്ത്തിപ്പാടിയ നിയോമുള്ളറുടെ അവസ്ഥയാകും പാംപ്ലാനിക്കുണ്ടാവുക എന്നായിരുന്നു വി കെ സനോജിന്റെ പ്രതികരണം.
വി കെ സനോജിനോട് രൂപത നേതൃത്വം പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി തളിപ്പറമ്പിൽ പ്രസംഗിച്ചത് അതിരൂക്ഷമായ ഭാഷയിൽ. പാംപ്ലാനിയെ പോലെ ശക്തനായ അവസരവാദി വേറെയില്ല. കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ പറഞ്ഞ പാംപ്ലാനി ജാമ്യം കിട്ടിയപ്പോൾ സ്തുതി പാടിയെന്നും എം വി ഗോവിന്ദൻ.
ഗോവിന്ദന്റെ പ്രസ്താവന പുറത്തുവന്ന് അല്പനേരത്തിനുള്ളിൽ തന്നെ ആഞ്ഞടിച്ച് തലശ്ശേരി അതിരൂപതയും രംഗത്തുവന്നു. 'സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി ഉപയോഗിക്കരുത്' എന്ന് അതിരൂപത. ഗോവിന്ദൻ മാഷ് ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ച ഉറച്ചുനിന്ന ചരിത്രമില്ല. സ്വന്തം പാർട്ടിയെയും മുഖ്യമന്ത്രിയെയും എത്രയോ തവണ ഗോവിന്ദൻ വെട്ടിലാക്കി. ആർച്ച് ബിഷപ്പിനെതിരായ പ്രസ്താവന അപലപനീയവും ഫാസിസ്റ്റുകളുടേതിന് തുല്യവുമാണെന്നും അതിരൂപത വാർത്താക്കുറിപ്പിൽ തിരിച്ചടിച്ചു.
കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചതിനുശേഷം കേന്ദ്രസർക്കാരിനെയും അമിത്ഷായെയും മാർ ജോസഫ് പാംപ്ലാനി വാനോളം പുകഴ്ത്തിയതിനെതിരെ സിറോ മലബാർ സഭയിൽ തന്നെ എതിർസ്വരം ഉയർന്നിരുന്നു. പാംപ്ലാനിയുടേത് സഭയുടെ നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാകാം എന്നും ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടനാണ് തുറന്നുപറഞ്ഞിരുന്നത്.