രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അധിക്ഷേപിച്ച് കെപിസിസി സെക്രട്ടറിയുടെ പേരില്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നതായി ആരോപണം. രാഹുലിനെ ആക്ഷേപിക്കുന്ന പോസ്റ്റ് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഇന്നലെ രാത്രി ഷെയര്‍ ചെയ്തെന്നായിരുന്നു ആക്ഷേപം. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടാണ് വാട്സാപ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്നും താന്‍ ഇത്തരത്തില്‍ ഒന്നും ഷെയര്‍ ചെയ്തിട്ടില്ലെന്നും അനീഷ് വരിക്കണ്ണാമല പറഞ്ഞു. പുനഃസംഘടനാ കാലത്ത് പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയമുണ്ടെന്നും അനീഷ് പറഞ്ഞു. കോണ്‍ഗ്രസ് ഗ്രൂപ്പുകളിലാണ് സ്ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്. നേതാക്കളുമായി കൂടി ആലോചിച്ച് പൊലീസിന് പരാതി നല്‍കും. ഫെയ്സ്ബുക് പേജിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് ആക്ഷേപകരമായ പോസ്റ്റ് എഡിറ്റ് ചെയ്തു ചേര്‍ത്തുവെന്നാണ് സംശയിക്കുന്നതെന്നും അനീഷ് വരിക്കണ്ണാമല പറഞ്ഞു.
'രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിയിലേക്ക് കാരണം പീഡനാരോപണവും ഗര്‍ഭവും' എന്നാണ് അനീഷ് പങ്കുവച്ചെന്ന് പറയപ്പെടുന്ന പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടില്‍ ഉളളത്. ദൃശ്യങ്ങള്‍ പുറത്തുവിടുന്നു എന്ന അടിക്കുറിപ്പോടെ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റേതെന്ന് തോന്നിക്കുന്ന തരത്തിലാണ് പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഇതാണ് അനീഷ് വരിക്കണ്ണാമല പങ്കുവച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത്.