തൃശൂര്‍ പൂരം കലക്കലിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം മുടങ്ങിയപ്പോള്‍ ആംബുലന്‍സില്‍ സ്ഥലത്തെത്തിയത് കേന്ദ്രീകരിച്ചായിരുന്നു പ്രത്യേകസംഘത്തിന്‍റെ ചോദ്യങ്ങള്‍. പ്രവര്‍ത്തകര്‍ അറിയിച്ചിട്ടാണ് താനെത്തിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ മൊഴി.
പൂരം മുടങ്ങിയ രാത്രി, മറ്റാര്‍ക്കും പ്രവേശനമില്ലാത്ത പൂരപ്പറമ്പിലേക്ക് സുരേഷ് ഗോപി ആംബുലന്‍സിലെത്തി. അന്ന് സ്ഥാനാര്‍ഥി മാത്രമായിരുന്ന സുരേഷ് ഗോപി ദേവസ്വങ്ങളുമായി ചര്‍ച്ച നടത്തി ആംബുലന്‍സില്‍ തന്നെ മടങ്ങുകയും ചെയ്തു. ഇതിന് അവസരമൊരുക്കിയതും പൂരം മുടങ്ങിയതിനുമെല്ലാം പിന്നില്‍ ഗൂഡാലോചനയെന്നാണ് സി.പി.എമ്മും സി.പി.ഐയുമെല്ലാം ഉന്നയിക്കുന്ന ആരോപണം. അതുകൊണ്ടാണ് ഗൂഡാലോചന അന്വേഷിക്കുന്ന ഡി.ഐ.ജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലെ സംഘം സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.
രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞാണ് പൂരം മുടങ്ങിയത് അറിഞ്ഞത്. അവര്‍ ആവശ്യപ്പെട്ടിടാണ് സ്ഥലത്തെത്തിയത്. ആംബുലന്‍സ് ക്രമീകരിച്ചത് അവരായിരിക്കാം. മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സുരേഷ് ഗോപിയുടെ മൊഴി. പൂരം കലക്കലില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമാണ് ഗൂഡാലോചനയിലുള്ള അന്വേഷണം. മറ്റ് രണ്ട് അന്വേഷണങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഗൂഡാലോചനയിലുള്ള അന്വേഷണം 10 മാസമായി ഇഴഞ്ഞ് നീങ്ങുകയാണ്. ഈ മാസം പൂര്‍ത്തിയായേക്കും.