നവകേരള സദസിനിടയിലെ ‘രക്ഷാപ്രവർത്തന’ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസെടുക്കാനാവില്ലെന്ന് കോടതി. കേസെടുക്കണമെങ്കില്‍ ഗവര്‍ണറില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി ഹാജരാക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോട് കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം എറണാകുളം സിജെഎം കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. 

പ്രോസിക്യൂഷന്‍ അനുമതി ഹാജരാക്കാന്‍ പരാതിക്കാരന് കോടതി 4 മാസത്തെ സമയം അനുവദിച്ചു. മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമാണെന്നും, ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്തണമെന്നായിരുന്നു മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലെ ആവശ്യം. തുടർന്ന് ഹർജിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി എറണാകുളം സെൻട്രൽ പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രേരണ കുറ്റം ചുമത്താനാവില്ല എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. സ്വകാര്യ അന്യായത്തിൽ 15 തവണ ഉത്തരവ് പറയാന്‍ മാറ്റിയ ശേഷമാണ് കോടതി ഇപ്പോൾ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

ENGLISH SUMMARY:

Court says case cannot be filed against CM without prosecution's permission