ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് എൽഡിഎഫിൽ നിന്ന് പുറത്തു വരുമ്പോൾ, ഇത്ര പ്രയാസകരമാവും യു ഡി എഫ് പ്രവേശനം എന്ന് സ്വപ്നത്തിൽ പോലും പി. വി. അൻവർ വിചാരിച്ചിട്ടുണ്ടാവില്ല. വാക്കുകളിലെ അൻവറിന്‍റെ സംയമനമില്ലായ്മ നന്നായി അറിയാവുന്ന വി.ഡി. സതീശൻ അൻവർ പോലും അറിയാതെ ഒരു പരീക്ഷണ കാലം അയാൾക്ക് സമ്മാനിച്ചു, അതേ വഴിയിൽ യു ഡി എഫും അൻവറിനെ പരീക്ഷിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പോലെ യു ഡി എഫ് പ്രവേശനത്തിന് അരങ്ങ് ഒരുക്കുന്ന കാലമില്ലെന്ന് അൻവറിനും അറിയാമായിരുന്നു.
പക്ഷേ ഇവിടെ ഒരു പരീക്ഷണമാണ് യു ഡി എഫ് ഒരുക്കിയതെന്ന് അൻവർ അറിഞ്ഞതുമില്ല. ഷൗക്കത്തിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉടക്കിട്ടു തുടങ്ങിയ അൻവറിന്‍റെ ലക്ഷ്യം രണ്ടായി വളർന്നു, ഒന്ന് യു ഡി എഫ് പ്രവേശനം, രണ്ട് ആര്യാടൻ ഷൗക്കത്ത്! താൻ എം എൽ എ യായിരുന്ന നിലമ്പൂരിലേക്ക് ഷൗക്കത്ത് വരുന്നത് അൻവറിന് ഇഷ്ടമുണ്ടായിരുന്നില്ല. മുന്നണി പ്രവേശനത്തിന് തടസം വി ഡി സതീശനാണെന്ന് ധരിച്ച അൻവർ പിന്നീട് സതീശനെതിരെയും തിരിഞ്ഞു. പിണറായി വിജയന്‍റെ തീരുമാനം നടപ്പിലാക്കലാണ് സതീശന്‍റെ പണിയെന്നും 2026 ൽ സതീശൻ നയിച്ചാൽ യു ഡി എഫ് അധികാരത്തിൽ എത്തില്ലെന്ന് പോലും പറഞ്ഞു. വിഭജന രാഷ്ട്രീയത്തിന്‍റെ അമ്പ് എയ്ത്തും ഇതിനിടെ അൻവർ നടത്തി. കെ. സുധാകരനെയും രമേശ് ചെന്നിത്തലയെയും മുസ്ലീം ലീഗിനെയും മോശമായി ഒരക്ഷരം പറയാതെയായിരുന്നു ആ വിഭജനതന്ത്രം. എല്ലാത്തിനും കാരണക്കാരൻ സതീശനെന്ന് ആവർത്തിച്ചു കൊണ്ടേയിരുന്നു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ചാൽ ഏത് ഡിമാന്‍ഡും യു ഡി എഫ് അംഗീകരിക്കുമെന്ന കണക്കു കൂട്ടലായിരുന്നു അൻവറിന്, അതു വഴി താൻ ആഗ്രഹിച്ചത് നേടിയെടുക്കാമെന്നും അൻവർ മോഹിച്ചു. അൻവറിസത്തിന്‍റെ മുന ഒടിക്കാൻ, അൻവറിന്‍റെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് വി ഡി സതീശന് അറിയാമായിരുന്നു, അൻവർ വിള്ളൽ വീഴ്ത്തുക എൽ ഡി എഫ് വോട്ടുകളിലായിരിക്കുമെന്ന യു ഡി എഫ് ബോധ്യവും ശരിയായി. 19,760 വോട്ടുകൾ നേടി അൻവർ നിലമ്പൂരിൽ ശക്തി തെളിയിച്ചു, പക്ഷേ അതു അംഗീകരിക്കുമ്പോഴും അൻവർ എന്തിനാണോ ശ്രമം നടത്തിയത് അതു പരാജയപ്പെട്ടു. ആ വോട്ടുകൾ കൊണ്ട് ഒന്നും ആയില്ലെന്ന് ചുരുക്കം.യു ഡി എഫ് പ്രവേശനം അടഞ്ഞ അധ്യായമായി.
ഭീഷണിപ്പെടുത്തിയുള്ള അൻവറിന്‍റെ മുന്നണി പ്രവേശന ശ്രമങ്ങൾക്ക് ശേഷമുള്ള ഇപ്പോഴത്തെ അനുരഞ്ജന നീക്കങ്ങൾക്ക് തൽക്കാലം ചെവി കൊടുക്കാൻ യു ഡി എഫില്ല. മധ്യസ്ഥത വഹിക്കാനില്ലെന്ന മുസ്ലീം ലീഗ് നിലപാടും അൻവറിന്‍റെ മുന്നിൽ യു ഡി എഫ് വാതിൽ അടഞ്ഞുകിടക്കുമെന്നതിന്‍റെ കൃത്യമായ സൂചനയാണ്. പോരാട്ടത്തിനിറങ്ങി പോർക്കളത്തിൽ നിന്ന് തന്നെ അപ്രത്യക്ഷനാവുന്ന നിലയിലേക്ക് അൻവർ മാറുന്നുയെന്നതാണ് യഥാർത്ഥ്യം. പിണറായിസത്തെയും സതീശനിസത്തെയും കടന്നാക്രമിച്ച് , നെക്സസ് ആരോപണങ്ങൾ ഉന്നയിച്ചെത്തിയ പി വി അൻവറിന് രാഷ്ട്രീയ വഴി മുട്ടി, എത്ര മുട്ടിയാലാണ് ഇനി യു ഡി എഫിന്‍റെ രാഷ്ട്രീയ വാതിൽ തുറക്കുകയെന്നതാണ് രാഷ്ട്രീയ കൗതുകം.