കെ.പി.എം.എസ് സംസ്ഥാന സമ്മേളന വേദിയിൽ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള പരാമർശം കേട്ടതായി പോലും നടിക്കാതെ മുഖ്യമന്ത്രി. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന പുന്നല ശ്രീകുമാറിന്റെ പ്രഖ്യാപനത്തെയാണ് മുഖ്യമന്ത്രി തൊടാതിരുന്നത്. എന്നാൽ വിഷയത്തിൽ പരസ്യമായി വിയോജിപ്പറിയിച്ചായിരുന്നു കെ.സി.വേണുഗോപാലിന്‍റെയും കെ.സുരേന്ദ്രന്‍റെയും പ്രസംഗം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പൊതുപരിപാടി. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും, ബിജെപി മുൻ സംസ്ഥാനധ്യക്ഷൻ കെ.സുരേന്ദ്രനും. സ്വാഗത പ്രസംഗത്തിൽ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിച്ചു.
അടുത്തതായി പ്രസംഗിക്കാൻ എത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വളർന്ന വഴിയെക്കുറിച്ചും, സർക്കാരിന്‍റെ ഭരണ നേട്ടങ്ങളെക്കുറിച്ചും മുക്കാൽ മണിക്കൂറോളം നീണ്ട പ്രസംഗം. പക്ഷേ പുന്നലയെറിഞ്ഞ ശബരിമല ചൂണ്ടയിൽ കൊത്താതെ മുഖ്യമന്ത്രി വഴുതിമാറി. എന്നാൽ പിന്നീട് എത്തിയ കെ.സി.വേണുഗോപാലും, കെ.സുരേന്ദ്രനും പുന്നല ശ്രീകുമാറിന്‍റെ നിലപാടിനോട് പരസ്യമായി വിയോജിപ്പറിയിച്ചു.
ഇതിനിടെ മന്ത്രി കെ.രാജനും സംസാരിക്കാൻ എത്തിയെങ്കിലും ശബരിമല സ്ത്രീ പ്രവേശന വിഷയം അറിഞ്ഞതായി പോലും ഭാവിച്ചില്ല. എന്തായാലും ഇനിയുള്ള പ്രചരണ നാളുകളിൽ എങ്ങനെയാകും വിഷയത്തിൽ മുന്നണികളുടെ നിലപാട് എന്നതിന്‍റെ സൂചനയായിരുന്നു കെ.പി.എം.എസ് സംസ്ഥാന സമ്മേളന വേദി.