File Photo Credit: J. Suresh, Manorama
സിഎംആര്‍എല്‍– എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തീരുമാനം ഉടന്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തായുടെ മൊഴി പിണറായിക്കെതിരെ ആയുധമാക്കാനാണ് ഇഡിയുടെ നീക്കം. വീണയുടെ കമ്പനിയായ എക്സാലോജികിന് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പത്തിന്‍റെ പുറത്താണെന്നായിരുന്നു ശശിധരന്‍ കര്‍ത്താ ഇഡിക്ക് മൊഴി നല്‍കിയത്. പണം നല്‍കിയിട്ടും വീണയുടെ കമ്പനി സിഎംആര്‍എലിന് സേവനം നല്‍കിയില്ലെന്നും കര്‍ത്തായുടെ മൊഴിയിലുണ്ടായിരുന്നു.
കേസില്‍ വീണയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ക്കായി അന്വേഷണസംഘം ഇഡി ജോയിന്‍റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2024 ഏപ്രില്‍ 17ന് നല്‍കിയ നിര്‍ണായക മൊഴിയുള്ളത്. സോഫ്റ്റ്വെയര് സേവനങ്ങളുടെ പേരില്‍ 2.78 കോടി രൂപയാണ് വീണയുടെ എക്സാലോജികിന് സിഎംആര്‍എല്‍ നല്‍കിയിട്ടുള്ളത്. എക്സാലോജിക് നല്‍കുമെന്ന് കരാറില്‍ പറഞ്ഞിരുന്ന സേവനങ്ങള്‍ പിന്നീട് കുറഞ്ഞ തുകയ്ക്ക് മറ്റൊരു ഐടി സ്ഥാപനമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം , വീണയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായും വിവരമുണ്ട്. ഇന്‍വോയ്സ് ഇല്ലാതെയും സിഎംആര്‍എലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നും 2017 ല്‍ 10 മാസം കൊണ്ട് 45 ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയ്ക്ക് പങ്കാളിത്തമുണ്ടെന്ന് പറയുന്ന ലേക്കര്‍ ഇന്ത്യ കോര്‍പറേഷനിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചു. കമ്പനിയുടെ അക്കൗണ്ടിലുള്ള 15.5 ലക്ഷം രൂപ നേരത്തെ മരവിപ്പിച്ചിരുന്നു.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലുമായി ബന്ധപ്പെട്ട് ശശിധരന്‍ കര്‍ത്താ 182 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിക്കപ്പെടുന്ന സ്വത്തുകണ്ടുകെട്ടല്‍ റിപ്പോര്‍ട്ടിലാണ് പിണറായി വിജയനെയും മകള്‍ വീണയെയും പരാമര്‍ശിക്കുന്ന ഭാഗങ്ങളുള്ളത്. അതേസമയം, വാര്‍ത്താസമ്മേളത്തിനിടെ കര്‍ത്തായുടെ മൊഴി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേ' എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പലരും നടത്തിയതെന്നും എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കൂവെന്നും അപ്പോള്‍ കാണാമെന്നുമായിരുന്നു വാര്‍ത്ത തള്ളി പിണറായിയുടെ മറുപടി. വീണയ്ക്ക് മറ്റൊരു കമ്പനിയുടണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'കമലാ ഇന്‍റര്‍നാഷനല്‍ വിട്ടോ' എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.