കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് സി.എം.ആർ.എൽ – എക്സാലോജിക് ദുരൂഹയിടപാട് വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുന്‍മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് കത്തയച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കം.
കേവലം രണ്ടു കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഒതുങ്ങിനിന്ന വിഷയം, മുൻ മുഖ്യമന്ത്രിയെയും മുൻ മന്ത്രിയെയും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. എന്താണ് ഇ.ഡിയുടെ പുതിയ കണ്ടെത്തലുകൾ? എന്തുകൊണ്ടാണ് ഇ.ഡി നേരിട്ട് കേസെടുക്കാതെ സംസ്ഥാന പൊലീസിന് കത്തുനൽകിയത്? ഇതിന് പിന്നിലെ തന്ത്രപരമായ നിയമനീക്കങ്ങളും കേരള രാഷ്ട്രീയത്തിൽ ഇത് സൃഷ്ടിക്കുന്ന തുടർചലനങ്ങളും എന്തെല്ലാമാണ്?
ആദ്യം പരിശോധിക്കേണ്ടത് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങളും കണ്ടെത്തലുകളുമാണ്. ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ ഉത്തരവിൽ നിന്ന് തുടങ്ങിയ അന്വേഷണം, ഇപ്പോൾ ഹവാല ഇടപാടുകളിലേക്കും കൈക്കൂലി ആരോപണങ്ങളിലേക്കും എങ്ങനെ എത്തിനിൽക്കുന്നു? സി.എം.ആർ.എൽ എന്ന സ്വകാര്യ കരിമണൽ ശുദ്ധീകരണ കമ്പനിയിൽനിന്ന് എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയ 2.78 കോടി രൂപയാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. സോഫ്റ്റ്വെയർ സേവനങ്ങൾ നൽകിയതിനാണ് ഈ തുക നൽകിയതെന്ന് എക്സാലോജിക് വാദിക്കുമ്പോഴും, അത്തരം യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നാണ് കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളും ഇ.ഡിയുടെ പരിശോധനാ രേഖകളും വ്യക്തമാക്കുന്നത്.
ഇ.ഡി റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍
അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച ഇ.ഡി, മെയ് മാസത്തിൽ തിരുവനന്തപുരത്ത് നടത്തിയ റെയ്ഡുകളിലൂടെയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലുകളിലൂടെയും ശേഖരിച്ച രേഖകളാണ് സംസ്ഥാന പൊലീസിന് കൈമാറിയിരിക്കുന്നത്. സി.എം.ആർ.എല്ലിന് ഭരണകൂടത്തിൽനിന്ന് വഴിവിട്ട ആനുകൂല്യങ്ങൾ ലഭിച്ചോ എന്ന അന്വേഷണമാണ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലേക്ക് ഇതിനെ എത്തിക്കുന്നത്.
ഇ.ഡിയുടെ തന്ത്രപരമായ നിയമനീക്കം
സ്വാഭാവികമായും ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട സംശയം ഇതാണ്: ഇ.ഡി എന്തുകൊണ്ട് നേരിട്ട് കേസെടുത്തില്ല? എന്തുകൊണ്ട് അവർ കേരള ഡി.ജി.പിക്ക് കത്തയച്ചു? ഇതിന് പിന്നിൽ അതീവ ഗൗരവമുള്ള ഒരു നിയമസാങ്കേതികതയുണ്ട്. PMLA സെക്ഷന്‍ 66(2). വിവര കൈമാറ്റ അധികാരം: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം നടത്തുമ്പോൾ മറ്റ് നിയമങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ, ബന്ധപ്പെട്ട നിയമപാലക ഏജൻസികൾക്ക് ആ വിവരം കൈമാറാൻ ഇ.ഡിക്ക് അധികാരം നൽകുന്ന വകുപ്പാണ് സെക്ഷൻ 66(2).
പ്രെഡിക്കേറ്റ് ഒഫൻസ് (Predicate Offence): ഇ.ഡിക്ക് നേരിട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് കുറ്റപത്രത്തിലേക്ക് എത്തിക്കണമെങ്കിൽ, മുൻകൂറായി ഒരു പ്രെഡിക്കേറ്റ് ഒഫൻസ് (പൊലീസോ സി.ബി.ഐയോ രജിസ്റ്റർ ചെയ്ത ഷെഡ്യൂൾഡ് ക്രൈം) ഉണ്ടായിരിക്കണം. നിലവിൽ സി.എം.ആർ.എൽ ഇടപാടിൽ സംസ്ഥാന വിജിലൻസോ പൊലീസോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസ് കേസ് ഇല്ലാതെ മുന്നോട്ടുപോയാൽ വിചാരണക്കോടതികളിലും സുപ്രീംകോടതിയിലും വിജയ് മദൻലാൽ ചൗധരി കേസിലെ വിധിപ്രകാരം ഇ.ഡി അന്വേഷണം ചോദ്യം ചെയ്യപ്പെടാം. അത് മറികടക്കാനാണ് ഇ.ഡി തങ്ങളുടെ പക്കലുള്ള തെളിവുകൾ കേരള പൊലീസിന് നൽകി അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുന്നത്.
സംസ്ഥാന പൊലീസിന് മുന്നിലുള്ള വഴികൾ
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇ.ഡി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുക എന്നതാണ് പൊലീസിന് മുന്നിലുള്ള ഒരുവഴി. എന്നാൽ ഭരണനേതൃത്വത്തിൽ വലിയ സ്വാധീനമുള്ള നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയാ നടപടിയെടുക്കുമോ എന്നത് വലിയ ചോദ്യമാണ്. പ്രാഥമിക പരിശോധന എന്നപേരില്‍ കേസെടുക്കാതെ പരാതി മാറ്റിവെക്കുക എന്നതാണ് മറ്റൊരുവഴി. ഇതില്‍ ഏതായാലും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍മാത്രമേ പൊലീസ് പ്രവര്‍ത്തിക്കൂവെന്ന് ഉറപ്പാണ്.
അവിടെയാണ് ഇ.ഡി ലക്ഷ്യമിടുന്ന നിയമക്കുരുക്കുക്ക്. സംസ്ഥാന പൊലീസ് നടപടിയെടുക്കാതിരുന്നാൽ പരാതിക്കാരനോ ഇ.ഡിക്കോ ഹൈക്കോടതിയെയോ പ്രത്യേക അഴിമതി വിരുദ്ധ കോടതിയെയോ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യത തെളിയും. ചുരുക്കത്തിൽ, സംസ്ഥാന സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അതീവ സമ്മർദത്തിലാക്കുന്ന 'ചെക്ക്' ആണ് ഇ.ഡി ഇവിടെ വെച്ചിരിക്കുന്നത്.
നിയമവശങ്ങൾക്കപ്പുറം, കേരള രാഷ്ട്രീയത്തിൽ ഈ നീക്കം ഉണ്ടാക്കാൻ പോകുന്ന പ്രകമ്പനങ്ങൾ അതിശക്തമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വിഷയത്തെ ഏത് രീതിയിലാണ് സമീപിക്കുമെന്നതാണ് പ്രധാനം. പിണറായി വിജയനും കുടുംബത്തിനുമെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത വേട്ടയാടൽ എന്നാണ് ഇത്രയുംനാള്‍ സി.പി.എം ഔദ്യോഗികമായി സ്വീകരിച്ച നിലപാട്. നിയമപരമായും രാഷ്ട്രീയപരമായും സംരക്ഷണമൊരുക്കുമെന്നും പാര്‍ട്ടി നിലപാടെടുത്തിരുന്നു. കേസെടുത്ത് മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാലും പാര്‍ട്ടിയുടെ വഴി പ്രക്ഷോഭമായിരിക്കുമെന്ന് ഉറപ്പ്.
ഇ.ഡിയുടെ കത്ത് ഡിജിപിക്ക് ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. നിയമവശം പരിശോധിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസും യു.ഡി.എഫും ഈ അവസരം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമോയെന്ന് കാത്തിരിക്കുകയാണ് കേരളം. മാസപ്പടി വിവാദം നേരത്തെ നിയമസഭയിൽ ഉയർത്തിയ മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപണം വീണ്ടും ശക്തമാക്കി. കേസിന്റെ ഓരോ ഘട്ടത്തിലും പിണറായി പാർട്ടിയോടും സമൂഹത്തോടും കള്ളം പറഞ്ഞെന്നും എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പിണറായി വിജയനെതിരെ വളരെ വേഗത്തിൽ കേസെടുത്ത് നടപടി ആരംഭിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. 2023 മുതൽ ആരംഭിച്ച നിയമപോരാട്ടം അതിന്റെ വ്യക്തതയിലേക്ക് എത്തുന്നുവെന്നും കേസിൽ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ താൻ പറഞ്ഞതാണെന്നു ഷോണ്‍ പ്രതികരിച്ചു. എൽഡിഎഫ് പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് നീക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയന് പ്രതിപക്ഷ നേതൃപദവി ഒഴിയണമെന്ന് വി. മുരളീധരനും ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഇ.ഡിയുടെ കണ്ടെത്തലില്‍ സിപിഎം നേതൃത്വം പ്രതികരിക്കണമെന്ന് സണ്ണി ജോസഫ്. CPM നേതൃത്വം നിലപാട് വ്യക്തമാക്കണം. അന്ധമായി ന്യായീകരിക്കാതെ അന്വേഷണത്തോട് സഹകരിക്കമെന്നും സണ്ണി ജോസഫ്. പിണറായി വിജയനെതിരായ ഇ.ഡി. നടപടിയില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് എന്‍.കെ.പ്രേമചന്ദ്രന് MP. ഇ.ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പിണറായിയുടെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്നും പ്രേമചന്ദ്രന് പ്രതികരിച്ചു.
ഇഡി നീക്കം രാഷ്ട്രീയലക്ഷ്യത്തോടെയെന്നായിരുന്നു സിപിഎം പ്രതികരണം. അന്വേഷണം പിണറായിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആരോപിച്ചു. 182 കോടി ഇടപാടിന്റെ ഡയറി ആദ്യം ലഭിച്ചിരുന്നു. അതിലെ പേരുകളില്‍ ഭരണകക്ഷിയില്‍പെട്ടവരും ഉണ്ടെന്നും അവര്‍ക്കെതിരെ നടപടിയില്ലെന്നും ഗോവിന്ദന് പറഞ്ഞു. എന്നാല്‍ പേടിച്ചുപോയെന്ന് കരുതേണ്ടെന്നായിരുന്നു മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് UDF സര്‍ക്കാരാണ്. തനിക്ക് നിരപരാധിത്തം പൂര്‍ണമായി തെളിയിക്കാനാകുമെന്നും മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാര്‍ത്തവരുന്നു, അത് അതിന്റെ രസത്തില്‍ നടക്കട്ടെയെന്നും റിയാസ് പ്രതികരിച്ചു.
ഈ കേസിന്റെ നാൾവഴികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ, എത്ര ആസൂത്രിതമായാണ് ഈ വിഷയം ഘട്ടംഘട്ടമായി നിയമക്കുരുക്കുകളിലേക്ക് നീങ്ങിയതെന്ന് കാണാം.
2023 ഓഗസ്റ്റ്: ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് പുറത്തുവരുന്നു. സി.എം.ആർ.എൽ എക്സാലോജിക്കിന് നൽകിയ 1.72 കോടി രൂപ സേവനമില്ലാത്ത പ്രതിഫലമാണെന്ന കണ്ടെത്തൽ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു.
2024 ജനുവരി: കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) കമ്പനി നിയമത്തിലെ സെക്ഷൻ 212 പ്രകാരം കേസ് എസ്.എഫ്.ഐ.ഒയ്ക്ക് (SFIO) കൈമാറുന്നു. എക്സാലോജിക്കിന്റെ ഹർജികൾ ഹൈക്കോടതികൾ തള്ളുന്നു.
2024 മാർച്ച്: സി.എം.ആർ.എല്ലിലെ സാമ്പത്തിക തിരിമറികൾ മുൻനിർത്തി ഇ.ഡി ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്യുന്നു.
2026 മേയ്: വീണയുടെയും അനുബന്ധ സ്ഥാപനങ്ങളുടെ ഉടമകളുടേയും വസതികളിൽ ഇ.ഡിയുടെ നിർണായക റെയ്ഡുകൾ നടക്കുന്നു, ചോദ്യം ചെയ്യലുകൾ ആരംഭിക്കുന്നു.
2026 ഓഗസ്റ്റ്: മുഹമ്മദ് റിയാസിന്റെ കൂട്ടാളികളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നു.
ഹവാല ഇടപാടുകളും ദുബായ് റൂട്ടുകളും സൂചിപ്പിക്കുന്ന കൈയെഴുത്തു രേഖകൾ പിടിച്ചെടുത്തതായി ഇ.ഡി വെളിപ്പെടുത്തുന്നു.
2026 സെപ്റ്റംബർ: അഴിമതി നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ എഫ്.ഐ.ആർ ഇടാൻ സംസ്ഥാന ഡി.ജി.പിക്ക് കത്ത് നൽകുന്നു.
ഒരു സ്വകാര്യ കരാർ എന്ന വാദത്തിൽ നിന്ന് ആരംഭിച്ച്, സാമ്പത്തിക തിരിമറി, കള്ളപ്പണം വെളുപ്പിക്കൽ, ഒടുവിൽ ഭരണത്തലവന്റെ സ്വാധീനം ദുരുപയോഗം ചെയ്തുവെന്ന അഴിമതി ആരോപണം വരെ എത്തിനിൽക്കുകയാണ് ഈ നാൾവഴി.
ഈ കേസിലെ അടുത്ത നിർണ്ണായക ഘട്ടം എന്തായിരിക്കും?
ഒന്നാമതായി, സംസ്ഥാന പൊലീസ് മേധാവി ഇ.ഡിയുടെ കത്തിന്മേൽ എന്ത് നിയമോപദേശം തേടും എന്നത് നിർണ്ണായകമാണ്. അഡ്വക്കേറ്റ് ജനറലിന്റെയോ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയോ ഉപദേശം തേടി തീരുമാനം വൈകിപ്പിക്കാൻ സംസ്ഥാനത്തിന് സാധിച്ചേക്കാം. എന്നാൽ കോടതിയിൽ ഇതിനകം നിലനിൽക്കുന്ന പൊതുതാൽപ്പര്യ ഹർജികളിലും സ്വകാര്യ അപ്പീലുകളിലും ഈ കത്ത് ഹാജരാക്കപ്പെട്ടാൽ, കോടതി നേരിട്ട് ഇടപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
രണ്ടാമതായി, രാഷ്ട്രീയമായി ഇത് സി.പി.എം നേതൃത്വത്തിനുണ്ടാക്കുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. നേതാക്കളുടെ കുടുംബാംഗങ്ങളിലേക്ക് അന്വേഷണത്തിന്റെ കുരുക്കുമുറുകുമ്പോൾ, വെറുമൊരു രാഷ്ട്രീയ പ്രതിരോധം കൊണ്ട് പൊതുസമൂഹത്തിന് മുന്നിൽ നിൽക്കാൻ പാര്‍ട്ടിക്ക് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. നിയമത്തിന്റെ പഴുതുകളിലൂടെയുള്ള നീക്കങ്ങളും രാഷ്ട്രീയ അതിജീവനത്തിനായുള്ള പോരാട്ടങ്ങളും ഇനി വരും നാളുകളിൽ കേരളത്തെ ചൂടുപിടിപ്പിക്കും. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്ന വലിയൊരു വഴിത്തിരിവിലേക്കാണ് സി.എം.ആർ.എൽ കേസ് ഇപ്പോൾ എത്തിനിൽക്കുന്നത്.