സ്ഥാപകദിനത്തില്‍ എസ്.ഡിപി.ഐ. നേതാക്കള്‍ ആന്‍റോ ആന്‍റണിക്ക് മധുരം നല്‍കിയതില്‍ വിവാദം.സംഘത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അടക്കം ഉണ്ടായിരുന്നു എന്നാണ് ആരോപണം.എം.പിയുടെ ഓഫിസ് പൊതു ഇടമാണെന്നും ആര്‍ക്കും വരാമെന്നും എം.പി.പ്രതികരിച്ചു.
ജൂണ്‍21ന് ആണ് എസ്ഡിപിഐ നേതാക്കള്‍ ആന്‍റോ ആന്‍റണിയെ കാണാന്‍ എത്തിയത്. സ്ഥാപകദിനത്തെക്കുറിച്ച് പറഞ്ഞ് ലഡുവും നല്‍കി. സംഘത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ഫ്രണ്ടിന്‍റെ മേഖലാ സെക്രട്ടറിയായിരുന്ന മുഹമ്മദ് റാഷിദ് അടക്കം ഉണ്ടായിരുന്നു എന്നാണ് ആരോപണം. എന്‍ഐഎ റാഷിദിന്‍റെ വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു. നിലവില്‍ എസ്ഡിപിഐ ആറന്‍മുള മണ്ഡലം പ്രസിഡന്‍റാണ് ഇയാള്‍.
എസ്.ഡി.പി.ഐ.ക്കാര്‍ തന്നെയാണ് മധുരം നല്‍കല്‍ ഫോട്ടോയും വിഡിയോയും പ്രചരിപ്പിച്ചത്. അതേസമയം ആര്‍ക്കും തന്‍റെ ഓഫിസില്‍ വരാമെന്നും അതില്‍ ഒരു തെറ്റും ഇല്ല എന്നും ആന്‍റോ ആന്‍റണി എം.പി.പറഞ്ഞു. മതതീവ്രവാദ സംഘങ്ങളുടെ വോട്ട് വാങ്ങിയാണ് ആന്‍റോ ആന്‍റണി ജയിച്ചതെന്ന് തെളിഞ്ഞെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ആരോപിച്ചു. ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചേക്കും. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കും എസ്ഡിപിഐ ഇടപെടലില്‍ വിയോജിപ്പുണ്ട്. സിപിഎം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.