സര്‍ക്കാര്‍ പരിപാടികളിലെ കാവിക്കൊടിയേന്തിയ ഭാരതാംബയെ ചൊല്ലി പരസ്പരം കത്തയച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും. ഭരണഘടന അനുവദിക്കാത്ത ബിംബങ്ങള്‍ ഔദ്യോഗിക പരിപാടികളില്‍ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ വിദ്യാഭ്യാസമന്ത്രി രാജ്ഭവനിലെ പരിപാടില്‍ നിന്നിറങ്ങിപ്പോയി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി.
ഭാരതാംബയെ ചൊല്ലി സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. വിഷയം ക്രമസമാധാനപ്രശ്നമായി മാറുന്നതിനലാണ് കത്തയക്കുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വിമര്‍ശിച്ചു .ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാവൂ എന്നു വ്യക്തമാക്കി മുഖ്യമന്ത്രി രാവിലെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ഗവര്‍ണര്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
മുഖ്യമന്ത്രി നേരത്തെ തന്നെ പ്രതിഷേധം അറിയിക്കണമായിരുന്നുവെന്നും കടുത്ത ഭാഷയില്‍ തന്നെ നിലപാട് സര്‍ക്കാര്‍ പറയണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഗവര്‍ണര്‍തന്നെ മുന്‍കൈയെടുത്ത് വിവാദത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഏറ്റുമുട്ടല്‍ അനാവശ്യം എന്നുമാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരളാ സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.