പ്രതീകാത്മക ചിത്രം
ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യോമപാത അടച്ചതോടെ ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി. മിഡില്‍ ഈസ്റ്റ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള മസ്കറ്റ്, ഷാര്‍ജ, ദമാം, ദുബായ്, അബുദാബി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം–ദോഹ ഇന്‍ഡിഗോ വിമാനവും റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്സ് തിരുവനന്തപുരം–ദോഹ സര്‍വീസും കരിപ്പൂര്‍ ദോഹ സര്‍വീസും റദ്ദാക്കി.എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. വ്യോമപാത അടച്ചത് കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള 9 സര്‍വീസുകളെ ബാധിച്ചു.
ഇറാൻ ഖത്തറിലെ യുഎസ് താവളം ആക്രമിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി. മദ്ധ്യേഷ്യ, നോർത്ത് അമേരിക്കയുടെയും യൂറോപ്പിന്റെയും ഈസ്റ്റ് കോസ്റ്റ് മേഖലയിലേക്കുള്ള സർവീസുകളാണ് പൂർണമായി നിർത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ സർവീസ് നടത്തില്ല. നോർത്ത് അമേരിക്കയിൽനിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി.
യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും നിലവിലെ സാഹചര്യം വിമാന കമ്പനികളുടെ നിയന്ത്രണങ്ങൾക്ക് അപ്പുറത്താണെന്നും എയർ ഇന്ത്യ അറിയിച്ചു. നിരവധി രാജ്യാന്തര സർവീസുകൾ റദ്ദാക്കിയെന്നും ചിലത് വഴിതിരിച്ചുവിടട്ടെന്നും ഇൻഡിഗോയും അറിയിച്ചു. സ്‌പൈസ് ജെറ്റ്, ആകാശ എയർ എന്നീ വിമാന കമ്പനികളും ചില സർവീസ് റദ്ദാക്കിയിട്ടുണ്ട്.