നിലമ്പൂർ വിജയത്തോടെ സംസ്ഥാന കോൺഗ്രസിൽ കരുത്തുകൂട്ടുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കടുത്ത നിലപാടുകൾ എടുത്തും വിജയം ഉറപ്പിച്ചത് സതീശന്‍റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടാണ്.
തൃക്കാക്കര , പുതുപ്പള്ളി, പാലക്കാട് - ഹോം ഗ്രൗണ്ട് അഥവാ സിറ്റിങ് സീറ്റുകളിലായിരുന്നു ഇതുവരെ വി.ഡി.സതീശന്‍റെ വിജയങ്ങൾ. നിലമ്പൂർ എവേ മൽസരമായിരുന്നു. എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റ്. ലോഡ്സിന്‍റെ മൈതാനത്ത് ഇംഗ്ലണ്ടിനെ ചെയ്സ് ചെയ്ത് പരാജയപ്പെടുത്തി നാറ്റ് വെസ്റ്റ് ട്രോഫി സ്വന്തമാക്കി ഷർട്ടൂരി ആഘോഷിച്ച ഗാംഗുലിയെ പോലെ സതീശന് ആഹ്ളാദിക്കാം.
അൻവറിന് മുന്നില്‍ വാതിൽ അടച്ചുള്ള സതീശന്‍റെ നിലപാട് അണികൾക്ക് രുചിച്ചെങ്കിലും നേതാക്കൾക്ക് ഇന്നും രസിച്ചിട്ടില്ല. വെൽഫെയർ പാർട്ടി പിന്തുണയിൽ കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാടുകളുടെ ലക്ഷ്മണ രേഖ കടന്നും സതീശൻ സഞ്ചരിച്ചു.
മാർഗം അല്ല ലക്ഷ്യമാണ് പ്രധാനമെന്നായിരുന്നു നിലമ്പൂരിൽ സതീശൻ ലൈൻ. ഇപ്പോ എടുത്തത് ഇരിക്കട്ടെ, ഇനി വേണ്ട എന്ന നിലപാടുള്ള മറ്റ് മുതിർന്ന നേതാക്കൾ, ഈ വിജയത്തിനിടയിലും പലതും അടച്ചിട്ട മുറിയിൽ ഉച്ചത്തിൽ പറയാൻ മടിച്ചേക്കില്ല. കോൺഗ്രസിലെ ഗ്രൂപ്പ് ബലാബലങ്ങളും മാറിമറിയും.