നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ നിര്‍ണായക നിലപാടുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വര്‍ ഘടകമായെന്നും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്ര വോട്ടു കിട്ടുന്നയാളെ തള്ളാനാകില്ല. അടച്ച വാതില്‍ തുറക്കാന്‍ പ്രയാസമില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Also Read: വഴി തെളിച്ച് വഴിക്കടവ്; തുടക്കം മുതല്‍ മുന്നില്‍ ഷൗക്കത്ത്; മൂത്തേടത്ത് പ്രതീക്ഷ തെറ്റി
ഇതിനിടെ യുഡിഎഫ് കേന്ദ്രങ്ങളെ ആവേശത്തിലാഴ്ത്തി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നിലയില്‍ മുന്നേറുകയാണ്. എല്‍ഡിഎഫ് തട്ടകങ്ങളിലടക്കം യുഡിഎഫ് കരുത്ത് കാട്ടുന്ന കാഴ്ചയാണ് കണ്ടത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷൗക്കത്ത് മുന്നിട്ടു നിന്നു. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും യുഡിഎഫ് നേട്ടമുണ്ടാക്കി.
പോത്തുകല്ലിലെ ലീഡ് എടുത്തു പറയേണ്ടതാണ്. എടക്കര പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്. ഇനി എണ്ണാനുള്ള നിലമ്പൂർ നഗരസഭയിൽ കുറഞ്ഞത് ആയിരം വോട്ടിന്റെ ലീഡാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നഗരസഭയ്‌ക്കെതിരെ നിലനിൽക്കുന്ന പ്രതിഷേധവും കൂടെ അനുകൂലമായി വന്നാൽ ഇതു രണ്ടായിരം വരെ ലീഡിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലുമാണ്.
മറുവശത്ത് വോട്ടുകണക്കില്‍ പി.വി.അന്‍വര്‍ കരുത്തുകാട്ടി. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടുപിടിക്കാന്‍ അന്‍വറിനാെയന്നത് കുറച്ച് കാണാനാകില്ല.