നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരില്‍ ഷൗക്കത്തിന്‍റെ ലീഡ് 11,000 കടന്നു. തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തി യു.ഡി.എഫ് ഒരവസരത്തിലും പിന്നോട്ട് പോയില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിനൊപ്പം പി.വി. അന്‍വറിന്‍റെ ഭീഷണി കൂടി പ്രതിരോധിച്ചാണ് യുഡിഎഫിന്‍റെ വിജയം.
എല്‍.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. നിലമ്പൂര്‍ നഗരസഭയില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം നടത്തി. സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും സ്വരാജ് പിന്നിലായി. പോത്തുകല്‍ പഞ്ചായത്തില്‍ ഷൗക്കത്തിന് 425 വോട്ടിന്‍റെ ലീഡുണ്ട്.
പ്രതീക്ഷിച്ച ഭൂരിപക്ഷമാണ് നേടിയെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഭരണവിരുദ്ധവികാരമെന്ന് പറയാനാകില്ലെന്ന് എം.സ്വരാജ് പ്രതികരിച്ചു. ജന്മനാട്ടില്‍ ലീഡില്ല എന്ന വിമര്‍ശനം അരാഷ്ട്രീയമെന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും സ്വരാജ് പറഞ്ഞു.
സുരക്ഷിത ഭൂരിപക്ഷത്തിന് പിന്നാലെ നിലമ്പൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും വിജയാഘോഷമാണ്.
എല്‍ഡിഎഫ് മൂന്നാമൂഴം സ്വപ്നം കാണേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി പറഞ്ഞു. കൊടുങ്കാറ്റാകുമെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഇത് യുഡിഎഫാണ്. 2026ല്‍ കൊടുങ്കാറ്റായി തിരിച്ചുവരുമെന്നും ഐക്യം മൂലം നേടിയ ജയമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.