KOCHI 2015 SEPTEMBER 13 : CPI State Council Member and Peerumedu MLA ES Bijimol @ Josekutty Panackal
മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോള്‍ക്ക് വിലക്കുമായി സിപിഐ സംസ്ഥാന നേതൃത്വം. ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ബിജിമോളെ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് വിലക്കിയത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ പാര്‍ട്ടി മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ ബിജിമോള്‍ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലിയിരുത്തി.
സിപിഐ സമ്മേളനങ്ങള്‍ ജില്ലാഘടകത്തിലേക്ക് കടക്കാനിരിക്കെ വിഭാഗീയത രൂക്ഷമാവുകയാണ്. ഇതിന്‍റെ പ്രതിഫലനമുണ്ടായ ഇടുക്കി ജില്ലയിലാണ് പ്രത്യക്ഷത്തിലുള്ള ആദ്യ നടപടി വരുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറിയായി ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് എന്‍ ജയന്‍റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ സമ്മേളനത്തില്‍ ഇ എസ് ബിജിമോളുടെ ഭര്‍ത്താവ് കൂടിയായ പി ജെ.റജിയുടെ പേര് ഉയര്‍ന്നുവന്നു.
ഈ ഘടത്തില്‍ ജില്ലാ എക്സിക്യൂട്ടീവിന്‍റെ നിര്‍ദേശമായ എന്‍ ജയന്‍റെ പേര് അംഗീകരിപ്പിക്കാന്‍ ബിജിമോള്‍ വീഴ്ച വരുത്തിയെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവ് കണ്ടെത്തിയത്. തുടര്‍ന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കാതെ മണ്ഡലം സമ്മേളനം പിരിയുകയായിരുന്നു. . ബിജിമോള്‍ക്ക് വിലക്കുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ പ്രതികരിച്ചു.
എന്നാല്‍ തനിക്ക് ഇടുക്കി ജില്ലയ്ക്ക് പുറത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിലക്കില്ലെന്നും തീരുമാനം തന്നെ ആരും അറിയിച്ചിട്ടില്ലെന്നും ബിജിമോള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കാനം പക്ഷത്തെ പ്രമുഖ നേതാവിയിരുന്ന ബിജിമോള്‍ നിലവില്‍ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ് . ഈ മാസം 27 മുതല്‍ ആലപ്പുഴയിലാണ് ആദ്യ ജില്ലാ സമ്മേളനം. മണ്ഡലം സമ്മേളങ്ങള്‍ വരെ ഏതാണ് 200 ലേറെ പരാതികളാണ് വിഭാഗീയതയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന് മുന്‍പിലെത്തിയിരിക്കുന്നത്.