യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷന്‍ നിര്‍ത്തലാക്കുമെന്ന സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ‘ദേശാഭിമാനി’ ലേഖനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എടുക്കുന്ന നടപടികള്‍ തീരുമാനിക്കുന്നത് ദേശാഭിമാനിയാണോ എന്ന് മനോരമന്യൂസ് കൗണ്ടര്‍ പോയന്‍റില്‍ കോണ്‍ഗ്രസ് പ്രതിനിധി ജ്യോതികുമാര്‍ ചാമക്കാല ചോദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ സമയബന്ധിതമായി കൊടുക്കണമെന്നും അത് കൃത്യമായി നൽകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേമപെന്‍ഷനുകള്‍ എല്‍ഡിഎഫും ഇടതുസര്‍ക്കാരും രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നതാണ് കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്. 2021ലെയും 2024ലെയും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇത് കേരളം കണ്ടതാണ്. കോഓപ്പറേറ്റിവ് സൊസൈറ്റികള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പോകുന്നവര്‍ അത് പിണറായി സര്‍ക്കാരിന്‍റെ ഔദാര്യമാണെന്നും അതുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണെന്ന് ചാമക്കാല ഓര്‍മിപ്പിച്ചു. പക്ഷേ കേരളത്തിലെ ജനങ്ങൾ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചും ബോധ്യമുള്ളവരും നല്ലവിവരവും വിദ്യാഭ്യാസവും ഉള്ളവരും ആയതിനാല്‍ അവർ ഇത്തരം സ്വാധീനശ്രമങ്ങള്‍ക്ക് എതിരായിത്തന്നെ പലപ്പോഴും വിധിയെഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൗണ്ടര്‍പോയന്‍റിന്‍റെ വിഡിയോ ലിങ്ക് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ ഉള്‍പ്പെടുത്തിയ വാചകം അപൂര്‍ണവും ഉള്ളടക്കത്തിന് അനുയോജ്യം അല്ലാത്തും ആയിരുന്നതിനാല്‍ അത് നീക്കം ചെയ്തിരുന്നു. കൗണ്ടര്‍ പോയിന്‍റിലെ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങളുടെ പൂര്‍ണരൂപം ഇതാണ്.
കൗണ്ടർ പോയിന്റിലേക്ക് സ്വാഗതം. ക്ഷേമ പെൻഷൻ ഔദാര്യമോ?
കെ.സി.വേണുഗോപാല്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷവനില്‍ പറഞ്ഞതിന്‍റെ വിഡിയോ : ‘‘ഞാൻ ഉമ്മൻചാണ്ടിയെക്കുറിച്ച് ഓർമ്മിക്കുകയാണ്. കേരളത്തിലെ ഒരു മനുഷ്യനും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ കാലത്ത് രണ്ടും മൂന്നും പെൻഷൻ കിട്ടുന്നവരുണ്ട് എന്ന് പറഞ്ഞു... ആ പാവങ്ങള്‍ ആയിരം രൂപയും അഞ്ഞൂറുരൂപയുമൊക്കെ വാങ്ങിച്ചുകൊണ്ടിരിക്കുന്നതാ രണ്ടും മൂന്നും പെൻഷൻ. ആ രണ്ടും മൂന്നും പെൻഷൻ വാങ്ങിക്കുന്നതെന്ന് പറഞ്ഞ് അതെല്ലാം കൂടി ഏകീകരിക്കാൻ വേണ്ടിയിട്ടാണ് ഒറ്റ പെൻഷനാക്കി മാറ്റിയത്. ആ പെൻഷന്റെ സ്ഥിതി നമുക്കെല്ലാവർക്കും (അറിയാം). തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് വാങ്ങിക്കാൻ വേണ്ടി ഉപയോഗിക്കുന്ന കൈക്കൂലി ആക്കിയിട്ടാണ് ശ്രീ പിണറായി വിജയന്‍റെ സർക്കാർ ഇപ്പൊ പെൻഷൻ ഇലക്ഷൻ കാലത്ത് രണ്ട് കൊടുക്കും... ഇപ്പൊ വരുമായിരിക്കും ചിലപ്പോ...എവിടെയെങ്കിലും പറയും രണ്ടുഗഡു, ഒരുഗഡു...’’
നിഷ പുരുഷോത്തമന്‍: നമസ്കാരം, നിലമ്പൂർ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.സി.വേണുഗോപാൽ തുറന്നുവിട്ട പെൻഷൻ വിവാദം പ്രചാരണ രംഗത്ത് ആളിക്കത്തുകയാണ്. യുഡിഎഫിന് അധികാരം കിട്ടിയാൽ ക്ഷേമപെൻഷൻ നിർത്തലാക്കുമെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നതെന്ന് സിപിഎം സെക്രട്ടറി എംവി.ഗോവിന്ദൻ ആരോപിക്കുന്നു. മണ്ഡലത്തിലെ പെൻഷൻ ഗുണഭോക്താക്കളുടെ യോഗം തന്നെ വിളിച്ചു പാർട്ടി. എന്നാൽ തിരഞ്ഞെടുപ്പ് എടുക്കുമ്പോൾ കുടിശ്ശികയുമായി ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടിനെയാണ് ചോദ്യം ചെയ്തതെന്നും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി പറയുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ എന്ന പേരിൽ ഇന്ധന സെസ് ആയി പിരിച്ച 700 കോടി എവിടെ പോയെന്നും യുഡിഎഫ് ചോദിക്കുന്നു. ക്ഷേമ പെൻഷൻ ഔദാര്യമോ?
കൗണ്ടർ പോയിന്റിലേക്ക് സ്വാഗതം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വിഷയം സജീവ ചർച്ചയാവുന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് പ്രധാന മുന്നണികളുടെ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നു. സിപിഎമ്മിൽ നിന്ന് ശ്രീ വി.കെ.സനോജ്, കോൺഗ്രസിൽ നിന്ന് ശ്രീ ജ്യോതികുമാർ ചാമക്കാല, ബിജെപിയിൽ നിന്ന് ശ്രീ വി.പി.ശ്രീപദ്മനാഭൻ.
നിഷ പുരുഷോത്തമന്‍: ശ്രീ ജ്യോതികുമാർ ചാമക്കാല, വളരെ ഗുരുതരമായ ആരോപണമാണ് ദേശാഭിമാനിയിലെ ലേഖനത്തിലൂടെ എം.വി.ഗോവിന്ദൻ ഉന്നയിക്കുന്നത്. പെൻഷൻ വിതരണത്തെ ചോദ്യം ചെയ്യുക വഴി, നിങ്ങൾ കോൺഗ്രസ് അധികാരത്തിൽ വന്നാൽ പെൻഷൻ തന്നെ നിർത്തലാക്കിക്കളയും എന്ന സൂചനയാണ് എന്ന് അദ്ദേഹം പറയുന്നു.
ജ്യോതികുമാര്‍ ചാമക്കാല: ദേശാഭിമാനിയല്ലല്ലോ യുഡിഎഫ് അധികാരത്തിൽ വന്നാൽ പെന്‍ഷന്‍ നിര്‍ത്തലാക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത്. ഞങ്ങളെ സംബന്ധിച്ച്, ഞങ്ങൾ ഈ സാമൂഹ്യസുരക്ഷാ പെൻഷൻ സമയബന്ധിതമായി കൊടുക്കണമെന്നും അത് കൃത്യമായി നൽകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വാദിക്കുന്നവരാണ്. ക്ഷേമനിധി പെൻഷനുകളെ സംബന്ധിച്ച്, സാമൂഹ്യസുരക്ഷാ പെൻഷൻ സംബന്ധിച്ച്, വളരെ തുച്ഛമായ എമൗണ്ട്, സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് അവരുടെ ദൈനംദിന ജീവിത്തിന്‍റെ ഭാഗമായി കിട്ടേണ്ട ആ തുക സമയബന്ധിതമായി നൽകാൻ സര്‍ക്കാരിന് കഴിയുന്നില്ല എന്ന ആക്ഷേപമാണ് ഞങ്ങൾക്കുള്ളത്.
മാത്രമല്ല, ഇത് രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടി ഇടതുപക്ഷ സർക്കാർ പലപ്പോഴും പ്രയോജനപ്പെടുന്നുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. 2021ലെയും 2024ലെയും ഒക്കെ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിൽ പല മാസങ്ങളില്‍ കുടിശിക വരുത്തിയ ശേഷം, തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിൽ തുകകൾ വിതരണം ചെയ്യാറുണ്ട്.
അതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുമ്പോൾ – സ്വാഭാവികമായും നമുക്കറിയാം കോഓപ്പറേറ്റിവ് സൊസൈറ്റില്‍ വഴിയാണ് ഇത് വിതരണം ചെയ്യാറുള്ളത്. അങ്ങനെ വിതരണം ചെയ്യുമ്പോൾ അത് കൊണ്ടുകൊടുക്കുന്നവരും ഒക്കെ പിണറായി വിജയന്‍റെ, സർക്കാരിന്റെ ഔദാര്യമാണ് ഇത് എന്ന് വരുത്തിത്തീര്‍ത്തുകൊണ്ട്, അതുകൊണ്ട് തന്നെ നിങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയിട്ടുള്ള (അഭ്യര്‍ഥനയുടെ) വിഷ്വല്‍സ് തിരഞ്ഞെടുപ്പ് സമയത്തൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് സംഭവിച്ചിട്ടുണ്ട്. 2021ലും 2024ലും ഒക്കെ ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണ്.
അങ്ങനെ ഇത്തരത്തിൽ സാധാരണക്കാരിൽ സാധാരണക്കാര്‍ക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട സാമൂഹ്യസുരക്ഷാ പെൻഷനുകൾ സമയത്ത് കൊടുക്കാതെ അവരെ നട്ടം തിരിയുന്ന സാഹചര്യമുണ്ടാക്കി ഏറ്റവും അവസാനം എന്തെങ്കിലും കൊടുക്കുമ്പോൾ ഞങ്ങളുടെ ഔദാര്യമാണ് എന്ന പേരിൽ അവർക്ക് നൽകിക്കൊണ്ട് അതില്‍ നിന്ന് രാഷ്ട്രീയലാഭം കൊയ്യാന്‍ ഇടതുപക്ഷം പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതു തന്നെയാണ് ശ്രീ കെ സി വേണുഗോപാൽ സൂചിപ്പിച്ചത്.
സർക്കാരിനെ സംബന്ധിച്ച് ഇതൊരു കൈക്കൂലിയായിട്ടുണ്ടാകും. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് അവരുടെ നിലനില്‍പ്പിന്റെ, അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തന്നെയാണിത് കാണുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഈ മനോഭാവം മാറണം എന്നതില്‍ ഒരു തര്‍ക്കവുമില്ല,
നിഷ പുരുഷോത്തമന്‍: പക്ഷേ ശ്രീ ജ്യോതികുമാര്‍ ചാമക്കാല, അവിടെ സിപിഎം തിരിച്ചുചോദിക്കുന്ന ഒരു ചോദ്യം, അങ്ങനെ പണം കിട്ടിയാൽ മാറ്റി വോട്ട് ചെയ്യും എന്ന് പറയുന്നത് ജനങ്ങളുടെ ജനാധിപത്യ ബോധത്തെ ചോദ്യം ചെയ്യലല്ലേ എന്നാണ്. രണ്ട്, താങ്കൾ ഈ പറയുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ പണം ക്ഷേമപെൻഷൻ സമയത്ത് കൊടുത്തെങ്കിലും വന്‍ വിജയമുണ്ടായത് യുഡിഎഫിനല്ലേ എന്നാണ്.
ജ്യോതികുമാര്‍ ചാമക്കാല: അവിടെയാണ് പ്രശ്നം. അത് താങ്കൾ ചോദിച്ച ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം രണ്ടാമത്തെ ചോദ്യത്തിൽ തന്നെ ഉണ്ട്. ഇത്തരത്തിൽ രാഷ്ട്രീയമായ മുതലെടുപ്പിന് ഇടതുപക്ഷം ശ്രമിക്കുമ്പോഴും കേരളത്തിലെ ജനങ്ങൾ ഇതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ജനാധിപത്യ ചേരിയുടെ ഭാഗമായി നിൽക്കാറുണ്ട്. കാരണം ഇത് സർക്കാരിന്റെ ഇത്തരത്തിലുള്ള പറ്റിപ്പ്, സർക്കാരിന്റെ മനോഭാവം, അത് കേരളത്തിലെ ജനങ്ങൾ കൃത്യമായി ബോധ്യപ്പെടുന്നതുകൊണ്ടാണ് ഇവര്‍ ഇങ്ങനെയൊക്കെ ശ്രമിച്ചിട്ടും, അവര്‍ എല്ലാ അര്‍ഥത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും, സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൊടുത്തതുകൊണ്ട് മാത്രം ഇങ്ങനെ അവര്‍ക്ക് അനുകൂലമായി നില്‍ക്കില്ല എന്ന് കേരളത്തിലെ ജനങ്ങൾ വിധിയെഴുതിയിട്ടുള്ളത്.
ഇപ്പോൾ ഏറ്റവും അവസാനം ഞാന്‍ പറഞ്ഞില്ലേ, 2024ല്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ നമ്മുടെ മുന്നിലുണ്ട്. 2021ല്‍ കിറ്റുമായി ബന്ധപ്പെട്ട വിവാദം വന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികളും എല്ലാ മുന്നണികളും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഈ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയിട്ടുള്ള കിറ്റുമായി ബന്ധപ്പെട്ട്, സിപിഎം ഉള്‍പ്പെടെ, ഇടതുപക്ഷം ഉള്‍പ്പെടെ ചർച്ച നടത്തിയിട്ടുണ്ട്. അപ്പോള്‍ അത്തരത്തിലൊക്കെ ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കാറുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. പക്ഷേ കേരളത്തിലെ ജനങ്ങൾ, ജനാധിപത്യ വിശ്വാസികൾ അവരെ സംബന്ധിച്ച് ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചും ബോധ്യപ്പെടുന്നവരും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരും ആയതുകൊണ്ട് തന്നെ അവർ അതിന് എതിരായിത്തന്നെ പലപ്പോഴും വിധിയെഴുതിയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യവുമാണ്. പക്ഷേ സർക്കാരിന്റെ മനോഭാവം, ആ മനോഭാവവും മാറേണ്ടതായിട്ടുണ്ട്. സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നത് ഇത്തരത്തില്‍ ഒരിക്കലും ഭൂഷണവുമല്ല.