പുതിയരാഷ്ട്രീയ വിവാദത്തിനു തൈനട്ട് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വേദിയില്‍ വെച്ചതിനെ തുടര്‍ന്ന് പരിപാടി ആസൂത്രണം ചെയ്ത കൃഷിവകുപ്പും മന്ത്രിയും ചടങ്ങില്‍ പങ്കെടുത്തില്ല. ഒരുകാരണവശാലും ചിത്രം രാജ്ഭവനില്‍നിന്ന് മാറ്റില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ കടുത്ത മറുപടി പിറകെയെത്തി. ചടങ്ങില്‍ നിന്ന് വിട്ടു നിന്ന മന്ത്രിക്കും ഗവര്‍ണരുടെ രൂക്ഷ വിമര്‍ശനം.
RSS പരിപാടികളില്‍ സ്ഥിരം കാണുന്ന കാവിക്കൊടി വഹിക്കുന്ന ഭാരതാംബയുടെ ചിത്രമാണ് വിവാദത്തിന്‍റെ കേന്ദ്ര ബിന്ദു. സര്‍ക്കാരിന്‍റെ ഔദ്യോഗിക പരിപാടിയില്‍ ചിത്രം വെക്കുകയും പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്ത ഗവര്‍ണരുടെ നിലപാടിലുള്ള അനിഷ്ടം തുറന്നു പ്രകടിപ്പിച്ച കൃഷിമന്ത്രി പി.പ്രസാദും വകുപ്പിലെ ഉദ്യോഗസ്ഥരും രാജ്ഭവനിലെ പരിപാടിയില്‍ നിന്ന് വിട്ടു നിന്നു. സര്‍ക്കാര്‍ ചടങ്ങ് സെക്രേട്ടേറിയറ്റിലേക്ക് മാറ്റി. ഗവര്‍ണരുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് കൃഷിമന്ത്രി തുറന്നടിച്ചു.
കടുപ്പിച്ചായിരുന്നു ഗവര്‍ണരുടെ പ്രതികരണം. ഭാരതാംബയുടെ ചിത്രം രാജ്യത്തിന്‍റെ പ്രതീകമാണെന്നും അത് രാജ്ഭവനില്‍ നിന്ന് മാറ്റില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാര്‍ രാജ്ഭവനില്‍ എത്താന്‍പറ്റാത്ത എന്തു സാഹചര്യമാണുള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. രാജ്ഭവനിലുണ്ടായത് അപകടകരമായ സൂചനയാണെന്ന് എം.വി.ഗോവിന്ദനും ആര്‍ എസ് എസ് പറയുംപോലെ ഒരു മുഖച്ഛായ ഭരതമാതാവിനുണ്ടോ എന്ന് ബിനോയ് വിശ്വവും വിമര്‍ശനമുയര്‍ത്തി.
നേരത്തെ എസ്.ഗുരുമൂര്‍ത്തി പങ്കെടുത്ത രാജ്ഭവനിലെ ചടങ്ങില്‍ ഇതേ ചിത്രം വെച്ച് പുഷ്പാര്‍ച്ചന നടത്തിയത് ഓര്‍മ്മിപ്പിച്ച് ഗവര്‍ണരെയും സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ്. ഇതോടെ ഒരിടവേളക്കു ശേഷം ഗവര്‍ണരും സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വവും ഇരുവശവും നിന്നു പോരാടുന്ന സാഹചര്യം വീണ്ടും രൂപമെടുക്കുകയാണ്.