കെ.ടി.യു, ഡിജിറ്റൽ വി.സി നിയമനത്തിൽ സർക്കാരും ഗവർണറും ഭിന്നത തുടരവേ നേരിട്ട് നിയമനം നടത്താൻ സുപ്രീംകോടതി. ഇരു സർവകലാശാലകളിലേക്കും സ്ഥിരം വി.സി നിയമനത്തിന് ഓരോ പേരുകൾ വീതം നിർദ്ദേശിക്കാൻ സുധാൻഷു ധൂലിയ കമ്മിറ്റിയോട് സുപ്രീംകോടതി ഉത്തരവിട്ടു. മുദ്രവച്ച കവറിൽ ബുധനാഴ്ക്കകം പേരുകൾ നൽകണം. മുഖ്യമന്ത്രിയും ഗവർണറും സമവായത്തിലെത്താത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ സമവായത്തിലെത്തായതോടെ സുപ്രീം കോടതിയുടെ അസാധാരണ നടപടി. കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിനായി ഓരോ പേരുകൾ മാത്രം നിർദേശിക്കാൻ കോടതിയുടെ നിർണായക ഉത്തരവ്. സെർച്ച് കമ്മിറ്റിയായി സുപ്രീംകോടതി നേരത്തെ നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മിറ്റി ബുധനാഴ്ചയ്ക്കകം പേരുകൾ നൽകണം.
വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയും ചാൻസലറും തമ്മിലുള്ള കത്തിടപാടുകൾ പരിശോധിച്ച ശേഷമാണ് ധൂലിയ കമ്മിറ്റി പേര് ശുപാർശ ചെയേണ്ടത്. നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇന്നലെ ചാൻസലറുമായി ചർച്ച നടത്തിയെന്നും ഗവർണർ നിർദ്ദേശിച്ചതിൽ ഒരു പേരിനോട് മാത്രമാണ് മുഖ്യമന്ത്രിക്ക് എതിർപ്പെന്ന് സിസ തോമസിനെ ഉദ്ദേശിച്ച് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ധൂലിയ കമ്മിറ്റി അവരുടെ പേര് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് പർദിവാല ചൂണ്ടിക്കാട്ടി. മെറിറ്റ് ക്രമത്തിലല്ല കമ്മിറ്റി പേരുകൾ ശുപാർശ ചെയ്തതെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഭാവിയിലും സമവായത്തിലെത്താൻ
സാധ്യതയില്ലെന്ന നിരിക്ഷിച്ചാണ് ഓരോ പേര് വീതം ശുപാർശ ചെയ്യൻ കോടതി ധൂലിയ കമ്മിറ്റി ഉത്തരവിട്ടത് . നിയമനത്തിൽ ചൊല്ലി തർക്കിച്ച സർക്കാറിനും ഗവർണർക്കും ഒരുപോലെ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.